ഡാര്‍ഫര്‍ യുദ്ധം അവസാനിച്ചതായി സുഡാന്‍

വ്യാഴം, 25 ഫെബ്രുവരി 2010 (10:10 IST)
PRO
സുഡാനിലെ ഡാര്‍ഫറില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി വിമതരുമായി നടത്തിവന്ന യുദ്ധം അവസാനിച്ചതായി സുഡാന്‍ പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീര്‍ പ്രഖ്യാപിച്ചു. വിമത സംഘമായ ജസ്റ്റിസ്‌ ആന്‍ഡ്‌ ഇക്വാലിറ്റി മൂവ്മെന്‍റുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ട പശ്ചാത്തലത്തിലാണ് ഒമര്‍ അല്‍ ബഷീറിന്‍റെ പ്രഖ്യാപനം.

വടക്കന്‍ ഡാര്‍ഫറിലെ എല്‍ ഫാഷറില്‍ നടത്തിയ പ്രസംഗത്തിലാണ് ഒമര്‍ അല്‍ ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡാര്‍ഫറിലെ പ്രതിസന്ധി അവസാനിച്ചതായും യുദ്ധത്തിന് വിരാമമായതായും മേഖല ഇപ്പോള്‍ സമാധാനത്തിന്‍റെ പാതയിലാണെന്നും ഒമര്‍ അല്‍ ബഷീര്‍ പറഞ്ഞു. ഡുഡാന്‍റെയും ഡാര്‍ഫറിന്‍റെയും വികസനത്തിനായി ഇനി ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തടവിലായിരുന്ന വിമതസംഘടനാ പ്രവര്‍ത്തകരെ വിട്ടയച്ചതായും ഒമര്‍ അല്‍ ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഖത്തറും അറബ്‌, ആഫ്രിക്കന്‍ രാജ്യങ്ങളും മുന്‍കയ്യെടുത്ത്‌ ഒരു വര്‍ഷമായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണു ഡാര്‍ഫര്‍ സമാധാന പാതയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

ഡാര്‍ഫര്‍ മേഖലയുടെ വികസനത്തിന്‌ 100 കോടി യുഎസ്‌ ഡോളര്‍ സഹായം യുഎസും മറ്റു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ന്നുവന്ന ഗോത്ര, വംശീയ പോരാട്ടങ്ങളും മറ്റും ഡാര്‍ഫറില്‍ ആയിരക്കണക്കിന് ജീവനുകള്‍ അപഹരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക