ശനിയെന്ന് കേട്ടാല്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്ന് ഞെട്ടും. സാക്ഷാല്‍ ശിവനെ പോലും വലച്ചിട്ടുള്ള ആളാണല്ലോ ശനി. ഇങ്ങനെയുള്ള ശനിയുടെ ഉപഗ്രഹത്തില്‍ ദ്രാവകങ്ങള്‍ ഉണ്ടെന്ന് ഇതാദ്യമായി അമേരിക്കന്‍ ബഹിരാകാശ എജന്‍സിയായ നാസ സ്ഥിരീകരിച്ചു.
ശനിയുടെ ഉപഗ്രഹങ്ങളില്‍ ഒന്നായ ടൈറ്റനില്‍ ദ്രാവക രൂപത്തിലുള്ള ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്.
ശനി പര്യവേക്ഷണം നടത്തുന്ന ‘കാസിനി’ ബഹിരാകാശ പേടകത്തില്‍ നിന്നുളള വിവരങ്ങള്‍ അനുസരിച്ചാണ് ശാസ്ത്രജ്ഞ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. നേരത്തേ, ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് ടൈറ്റനില്‍ മീഥേന്‍ , ഈതേന്‍ മറ്റ് ചില ഹൈഡ്രോകാര്‍ബണുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമുദ്രങ്ങള്‍ തന്നെയുണ്ടെന്നാണ്.
എന്നാല്‍, കാസിനി ഏതാണ്ട് 40 പ്രാവശ്യം ശനിയുടെ ഉപരിതലത്തിന് സമീപത്തുകൂടി കടന്ന് പോയെങ്കിലും ഇത്തരത്തില്‍ സമുദ്രങ്ങളൊന്നും കണ്ടെത്തായില്ല. അതേസമയം, നൂറ് കണക്കിന് ഇരുണ്ട നിറമുള്ള, നദികള്‍ക്ക് സമാനമായ സവിശേഷതകള്‍ കണ്ടെത്തുകയുണ്ടായി. ഇവ ഹൈഡ്രോകാര്‍ബണുകളുടെ നദിയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍, ഇവ ദ്രാവകങ്ങളാണോ അതോ ഖര രൂപത്തിലുള്ള വസ്തുക്കളാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ടൈറ്റന്‍റെ ഉപരിതലത്തില്‍ ദ്രാവകങ്ങള്‍ ഉണ്ടെന്നുളള ആദ്യ നിരീക്ഷണമാണ് ഇതെന്ന് അരിസോണ സര്‍വകലാശാലയിലെ ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ലബോറട്ടറിയിലെ റോബര്‍ട്ട് ബ്രൌണ്‍ പറഞ്ഞു.