ജോര്‍ജ്ജിയ: പിന്നില്‍ യു എസ്

വെള്ളി, 29 ഓഗസ്റ്റ് 2008 (13:29 IST)
ജോര്‍ജ്ജിയ-റഷ്യ പോരാട്ടം ഉണ്ടായതിന് പിന്നിലെ സൂത്രധാരത്വം വഹിച്ചത് അമേരിക്കയാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്‍. റഷ്യ ജോര്‍ജ്ജിയയെ ആക്രമിച്ചതിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി റഷ്യയുമായുള്ള ആണവ സഹകരണ കരാറില്‍ നിന്ന് പിന്‍‌മാറുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരിക്കെ ആണ് പുടിന്‍റെ ആരോപണം.

അമേരിക്കന്‍ ചാരന്മാര്‍ ജോര്‍ജ്ജിയയില്‍ ക്യാമ്പ് ചെയ്താണ് യുദ്ധം ആസൂത്രണം ചെയ്തതെന്ന് പുടിന്‍ ആരോപിച്ചു. അമേരിക്കന്‍ നേതാക്കളുടെ ഉത്തരവനുസരിച്ചായിരുന്നു ഇതെന്നും പുടിന്‍ പറഞ്ഞു.

അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ഈ പോരാട്ടം ആസുത്രണം ചെയ്തതെന്നും പുടിന്‍ ആരോപിച്ചു. എന്നാല്‍, പുടിന്‍റെ ആരോപണങ്ങളെ അമേരിക്ക തള്ളിക്കളഞ്ഞു.

ജോര്‍ജ്ജിയയ്ക്കെതിരെ റഷ്യ നടത്തിയ കടന്ന് കയറ്റത്തില്‍ പ്രതിഷേധിച്ച് ആ രാജ്യവുമായുളള സിവിലിയന്‍ ആണവ സഹകരണം നിര്‍ത്തുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുമെന്ന് ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക