പോപ്പ് സംഗീത ലോകത്തെ ഇതിഹാസ താരമായിരുന്ന മൈക്കല്‍ ജാക്സന്‍റെ അവസാന ഗാനം ചോര്‍ന്നു. പുതിയ ഗാനത്തിന്‍റെ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഗാനം ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് വന്നത്. എന്നാല്‍, ഗാനം ചോര്‍ന്നിട്ടില്ലെന്ന് പാട്ടില്‍ ജാക്സനോടൊപ്പം നൃത്തം വയ്ക്കുന്ന ലെനി ക്രാവിറ്റ്സ് പറഞ്ഞു.
പാട്ടിന്‍റെ ട്രാക്ക് മാത്രമാണ് ഇന്‍റര്‍നെറ്റിലുള്ളതെന്നും വിപണനത്തിന് തയ്യാറായ കോപ്പി വേറെയാണെന്നും ക്രാവിറ്റ്സ് പറഞ്ഞു. അനദര്‍ ഡേ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബമാണ് ഇന്‍റര്‍നെറ്റിലുള്ളത്. അരമണിക്കൂര്‍ ദൈര്‍ഘ്യമാണ് പാട്ടിനുള്ളത്. സോണിയുടേയും ജാക്സണ്‍ എസ്റ്റേറ്റിന്‍റേയും നിയമ വിദഗ്ദ്ധര്‍ ഗാനം ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.
ജാക്സണും താനും ചേര്‍ന്നാണ് പാട്ട് റെക്കോര്‍ഡ് ചെയ്തതെന്നും എങ്ങനെയാണ് ട്രാക്ക് പുറത്തായതെന്നും അറിയില്ലെന്ന് ക്രാവിറ്റ്സ് പറഞ്ഞു. ഇതുവരെ അനൂഭവിച്ചതില്‍ ഏറ്റവും അത്ഭുതകരമായ സംഗീതാനുഭവം എന്നാണു ഈ ഗാനത്തെ ക്രാവിറ്റ്സ് വിശേഷിപ്പിച്ചത്. എന്നാല്‍ ക്രാവിറ്റ്സിന്‍റെ മറ്റ് ആല്‍ബങ്ങള്‍ കൂട്ടി യോജിപ്പിച്ചാണ് പുതിയ ആല്‍ബം സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്.