ജപ്പാനില്‍ നിന്നുള്ള ഭക്‌ഷ്യസാധനങ്ങള്‍ക്ക് നിരോധനം

ബുധന്‍, 23 മാര്‍ച്ച് 2011 (11:33 IST)
PRO
PRO
അണുവികിരണം ഭീഷണി രൂക്ഷമായതോടെ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഭക്‌ഷ്യസാധനങ്ങള്‍ നിരോധിക്കാന്‍ അമേരിക്ക തീരുമാനിച്ചു. പാല്‍, പാലുത്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കാണ് നിരോധനം.

ഭൂകമ്പത്തില്‍ ഫുകുഷിമ ആണവനിലയത്തിന് തകരാറ് സംഭവിച്ചതിനാല്‍ ഫുകുഷിമ, ഇബറാക്കി, തോഷിഗി, ഗുന്‍മ എന്നിവിടങ്ങളില്‍ വികിരണച്ചോര്‍ച്ച വ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ്‌ ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ പാലിലും പച്ചക്കറിയിലും പൈപ്പ് വെളളത്തിലും അണുവികിരണ സാന്നിദ്ധ്യം ഉള്ളതായി ജപ്പാന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ജപ്പാനില്‍ നിന്നുള്ള എല്ലാ ഉല്‍പന്നങ്ങളും അമേരിക്ക പരിശോധനയ്ക്ക്‌ വിധേയമാക്കുന്നുമുണ്ട്‌.

ജപ്പാനില്‍ കടല്‍വെളളത്തിലും ചൊവ്വാഴ്ച അണുവികിരണ സാന്നിദ്ധ്യം കണ്ടെത്തി. അണുവികിരണം ഭക്‌ഷ്യസാധനങ്ങളെ ബാധിച്ചത് ഗുരുതരമായായ സ്ഥിതിവിശേഷമാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തി.

അതിനിടെ ജപ്പാനില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്റ്റര്‍ സ്കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ഭൂചലവും സുനാമിയും നാശം വിതച്ച ജപ്പാനില്‍ ഒന്നര ലക്ഷത്തോളം പേരാണ് ഭവനരഹിതരായി ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത്.

വെബ്ദുനിയ വായിക്കുക