ഛബാഹർ തുറമുഖ വികസനം, സൈബർ കുറ്റകൃത്യങ്ങള്‍ തടയുന്നതുള്‍പ്പടെ നിരവധി കരാറുകള്‍ ഇറാനുമായി ഇന്ത്യ ഒപ്പുവച്ചു

തിങ്കള്‍, 23 മെയ് 2016 (20:49 IST)
ഭീകരവാദം ചെറുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങള്‍ തടയുവാനും ഇന്ത്യയും ഇറാനും തമ്മിൽ ധാരണയായി. ഇതിന് പുറമെ വാണിജ്യം, സാംസ്കാരികം, സയൻസ്, സാങ്കേതികവിദ്യ, റെയിൽവേ തുടങ്ങിയ മേഖലകളിലെയും കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
 
ഭീകരവാദം, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ ചെറുക്കുന്നതിനായുള്ള  നടപടികളെടുക്കുമെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൗഹാനിയോടൊപ്പം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറാനിലെ ചബർ തുറമുഖ വികസനത്തിനും 500 മില്യൺ യു എസ് ഡോളർ ഇന്ത്യ നൽകും. ഇതിലൂടെ ഇറാന്റെ സാമ്പത്തിക സ്ഥിതി വർധിപ്പിക്കുകയാണ് ലക്ഷ്യം. 
 
സമുദ്രസുരക്ഷ വർധിപ്പിക്കുന്നതിനും പ്രതിരോധ ‌‌‌‌- സുരക്ഷ സംവിധാനങ്ങളുടെ പങ്കുവയ്ക്കലും  ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്നും 2001ൽ ഗുജറാത്ത് ഭൂകമ്പസമയത്ത് സഹായ വാഗ്ദാനവുമായി ആദ്യം എത്തിയത് ഇറാനായിരുന്നുവെന്നും മോദി പറഞ്ഞു.
 
ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും സുഗമമായി കടക്കാവുന്ന തുറമുഖമാണ് ഛബാഹർ തുറമുഖം. വാണിജ്യത്തിന് പേരുകേട്ട സ്ഥലമായ ഈ തുറമുഖം വികസിക്കുന്നതോടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധം മെച്ചപ്പെടുത്തി പുതിയ സഞ്ചാരമാർഗ്ഗം തുറക്കാൻ ഇന്ത്യയ്ക്ക് കഴിയും.

വെബ്ദുനിയ വായിക്കുക