സൈന്യത്തിലുള്ളവര്‍ ബ്ലോഗ് ചെയ്യുന്നതും സ്വന്തമായി വെബ്സൈറ്റ് നിര്‍മ്മിക്കുന്നതും ചൈന വിലക്കി. രാജ്യത്ത് നിലവിലുള്ള ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് 23 ലക്ഷം സൈനികര്‍ക്ക് മേല്‍ പ്രത്യേക നിയന്ത്രണവും കൊണ്ടുവന്നിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ജൂണ്‍ 15 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കിയിരിക്കുകയാണ്. ബ്ലോഗിംഗിനു പുറമെ ചില സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിലും സൈനികര്‍ക്ക് പ്രത്യേക വിലക്കുണ്ട്. സങ്കീര്‍ണമായ ഇന്റര്‍നെറ്റ് ശൃംഖലയിലൂടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാനാണിത്.
ചൈനയില്‍ ഭരണകൂടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്ന വെബ് ഉള്ളടക്കങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക സാധാരണമാണ്. ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമനായ ഗൂഗില്‍ ചൈനീസ് ഭാഷയിലുള്ള സെച്ച് എഞ്ചിന്‍ സേവനം അവസാനിപ്പിക്കാന്‍ കാരണമായത് ചൈന സര്‍ക്കാരിന്റെ കര്‍ശനമായ സെന്‍സര്‍ഷിപ്പ് നിയമങ്ങളായിരുന്നു.
യുഎസ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനു നേര്‍ക്ക് വാളെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി. 40 കോടി വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്താന്‍ ചൈന ഒരിക്കലും ആഗ്രഹിക്കുന്നില്ല.