ഗവര്‍ണ്ണര്‍ പറ്റേഴ്സണും ലൈംഗികക്കുരുക്കില്‍

ഞായര്‍, 31 ജനുവരി 2010 (15:54 IST)
PRO
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ എലിയറ്റ് സ്പിറ്റ്സറിന് പകരം ന്യൂയോര്‍ക്ക് ഗവര്‍ണ്ണറായി ചുമതലയേറ്റ ഡേവിഡ് പറ്റേഴ്സണും ലൈംഗിക ആരോപണത്തിന്‍റെ നിഴലില്‍‍. താമസ സ്ഥലത്തും ഹോട്ടലിലും പറ്റേഴ്സനൊപ്പം മറ്റ് സ്ത്രീകളെ കണ്ടതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയില്‍ ഏറെ വിവാദങ്ങള്‍ക്ക് കളമൊരുക്കിയായിരുന്നു എലിയറ്റ് സ്പിറ്റ്സര്‍ രാജിവെച്ചത്. നക്ഷത്രവേശ്യയായ ക്രിസ്റ്റണുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടകാര്യം പുറത്തുവന്നതോടെയായിരുന്നു എലിയറ്റ്സിന്‍റെ രാജി. പറ്റേഴ്സന്‍റെ താമസ സ്ഥലത്തെ ബാത്ത്‌റൂമില്‍ അദ്ദേഹത്തോടൊപ്പം ഭാര്യയല്ലാത്ത ഒരു യുവതിയെ കണ്ടതായ വാര്‍ത്തയാണ് പത്രങ്ങളില്‍ നിറയുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ന്യൂ ജഴ്സിയില്‍ ഒരു ഹോട്ടലില്‍ കുടുംബസുഹൃത്തെന്ന് അറിയപ്പെടുന്ന ഒരു സ്ത്രീക്കൊപ്പം പറ്റേഴ്സണ്‍ പ്രേമലീലകള്‍ നടത്തിയതായി ദൃക്‌‌സാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പറ്റേഴ്സണിന്‍റെ വക്താവ് ഇക്കാര്യം നിഷേധിച്ചിരുന്നു. യുവതി ഗവര്‍ണ്ണറുടെ സുഹൃത്ത് മാത്രമാണെന്നും ഇവര്‍ പ്രേമബദ്ധരല്ലെന്നും ആയിരുന്നു വക്താവിന്‍റെ വിശദീകരണം.

ഇതിനു പിന്നാലെയാണ് താമസ സ്ഥലത്തെ ബാത്ത്‌റൂമില്‍ മറ്റൊരു യുവതിയെ കണ്ടുവെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ന്യൂയോര്‍ക്കിലെ അമ്പത്തിയഞ്ചാം ഗവര്‍ണ്ണര്‍ ആയിട്ടാണ് 2008 മാര്‍ച്ച് പതിനേഴിന് പാറ്റേഴ്സണ് അധികാരമേറ്റത്‍. ന്യൂയോര്‍ക്കിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ ഗവര്‍ണ്ണര്‍ ആണ് ഇദ്ദേഹം.

വെബ്ദുനിയ വായിക്കുക