ഗദ്ദാഫിയുടെ പീഡനത്തിനിരയായ സുരയ എന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. 2004 ലാണ് സുരയ എന്ന പതിനഞ്ചുകാരിയെ ഗദ്ദാഫിയുടെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയത്. സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഗദ്ദാഫിയെ പൂക്കള്‍ നല്‍കി സ്വീകരിക്കാന്‍ നിയോഗിച്ചത് സുരയയെയായിരുന്നു. സുരയയില്‍നിന്ന് പൂക്കള്‍ വാങ്ങുന്ന സമയത്ത് ഗദ്ദാഫി കൂടെയുള്ളവരോട് ‘ എനിക്കിവളെ വേണം’ എന്ന രീതിയില്‍ സൂചന നല്‍കി.
തൊട്ടടുത്ത ദിവസം ഗദ്ദാഫിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില വനിതാ ജീവനക്കാര്‍ സുരയയെ മറ്റൊരു സ്വീകരണത്തിന് വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഗദ്ദാഫിയെ ഭയന്നിരുന്ന മാതാവ് സുരയയെ നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. മരുഭൂമിയിലൂടെ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഗദ്ദാഫിയുടെ കേന്ദ്രത്തില്‍ എത്തിയതെന്നും സുരയ പറഞ്ഞതായി പുസ്തകത്തിലുണ്ട്.
ഗദ്ദാഫിയുടെ കേന്ദ്രത്തില്‍ എത്തിച്ച സുരയയുടെ രക്തം പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് പ്രത്യേകം വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഗദ്ദാഫിയുടെ മുറിയിലേക്ക് ആനയിച്ചു. മുറിയില്‍ പൂര്‍ണനഗ്നനായിരിക്കുന്ന ഗദ്ദാഫിയെ കണ്ട ഞെട്ടിപ്പോയെന്നും സുരയ പറയുന്നു.
ഗദ്ദാഫിയുടെ ലൈംഗിക സ്വഭാവങ്ങളെ കുറിച്ചുള്ള നിരവധി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. ഇത്തരത്തില്‍ ഗദ്ദാഫിയുടെ കീഴില്‍ നിരവധി പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഗദ്ദാഫി കൊല്ലപ്പെട്ടതോടെ ഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണെന്നും പുസ്തകത്തില്‍ പറയുന്നു.
ഗദ്ദാഫിയുടെ കൂടെ നിരവധി അജ്ഞാത സ്ത്രീകളുണ്ടായിരുന്നു. ഇവര്‍ അയാളുടെ സുരക്ഷാഭടന്മാരായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഗദ്ദാഫിയുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവരായിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്‍.