ഗദ്ദാഫിയുടെ മകന്‍ മരിച്ചെന്നും ഇല്ലെന്നും

ചൊവ്വ, 22 മാര്‍ച്ച് 2011 (08:36 IST)
PRO
ലിബിയന്‍ പ്രസിഡന്റ് ഗദ്ദാഫിയുടെ മകന്‍ ഖമിസ് ഗദ്ദാഫി മരിച്ചെന്ന് പ്രതിപക്ഷ വെബ്‌സൈറ്റുകളും ചില അറബ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഖമിസിന്റെ മരണവാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ശനിയാഴ്ച ബാബ് അല്‍ അസിസിയ സൈനിക കേന്ദ്രത്തിലേക്ക് ലിബിയന്‍ വ്യോമസേനയുടെ ഒരു യുദ്ധ വിമാനം പൈലറ്റ് മന:പൂര്‍വം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഖമിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഖമിസ് മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിബിയയുടെ മുപ്പത്തിരണ്ടാം സൈനിക ബ്രിഗേഡിന്റെ കമാന്‍ഡറായ ഖമിസ് ഗദ്ദാഫിയുടെ ആറാമത്തെ പുത്രനാണ്.

ട്രിപ്പോളിക്ക് അടുത്ത ബാബ് അല്‍ അസിസിയ സൈനിക കേന്ദ്രത്തിലാണ് ഗദ്ദാഫിയും അടുത്ത ബന്ധുക്കളും താമസിക്കുന്നത്.

വെബ്ദുനിയ വായിക്കുക