ക്ഷേത്രത്തിലെ മൃഗബലിക്കെതിരെ രജപക്സെ: ശ്രീലങ്കയില്‍ വിവാദം
വെള്ളി, 31 ഓഗസ്റ്റ് 2012 (09:57 IST)
PRD
PRO
ശ്രീലങ്കയില്‍ ഷിലൗ ഹൈന്ദവ ക്ഷേത്രത്തിലെ മൃഗബലി വിവാദമാകുന്നു. ശ്രീ ഭദ്രകാളി അമ്മന്‍ കോവിലിലെ വാര്‍ഷികസദ്യയില്‍ എല്ലാ വര്‍ഷവും നടക്കുന്ന മൃഗബലി ഒഴിവാക്കണമെന്ന പ്രസിഡന്‍റ് രജപക്സെയുടെ നിര്‍ദേശമാണ് വിവാദമായിരിക്കുന്നത്. ബുദ്ധമത വിശ്വാസികളുടെ നേതൃത്വത്തില്‍ കപിലവസ്തുവിലെ പുരാശേഖരങ്ങളുടെ പ്രദര്‍ശനം ശ്രീലങ്കയില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മൃഗബലി നടത്തരുതെന്ന് പ്രസിഡന്‍റ് ആവശ്യപ്പെട്ടത്.
ഇറാനില്‍ നടക്കുന്ന ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബുധാനാഴ്ച പോകുന്നതിനു മുന്‍പായിരുന്നു രജപക്സെയുടെ നിര്‍ദേശം. എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ കാളിമുത്തു ശിവപാദസുന്ദരം ഇത് നിഷേധിച്ചതാണ് വിവാദത്തിനിടയാക്കിയത്. ശനിയാഴ്ച നടത്താനുദ്ദേശിക്കുന്ന ചടങ്ങ് നീട്ടാനാകില്ലെന്നും മൃഗബലി നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് രജപക്സെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കപിലവസ്തു പുരാശേഖരം ലങ്കയില്‍ പ്രദര്‍ശനത്തിനു വിട്ടുനല്‍കിയത്. സെപ്റ്റംബര്‍ 17 വരെ പ്രദര്‍ശനം നീളും.
പ്രദര്‍ശനം നടക്കുന്ന വേളയില്‍ മൃഗബലി നടത്തുന്നതിനെതിരേ ലങ്കയിലെ ബുദ്ധമത അനുയായികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. ബുദ്ധമത സന്യാസിമാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് ഞായറാഴ്ച ഒരു പ്രതിഷേധ റാലി നടത്തിയിരുന്നു. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഷിലൌ കോടതി ക്ഷേത്രപരിസരത്തുള്ള എല്ലാ പ്രതിഷേധ നീക്കങ്ങളും നിരോധിച്ചിരിക്കുകയാണ്.