ക്രിസ്തു ദേവന്റെ പിതാവിനെ കുറിച്ച് പുതിയൊരു വിശദീകരണവുമായി പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ ആദം ബ്രാഡ്ഫോള്‍ഡ് രംഗത്ത്. ക്രിസ്തുവിന്റെ പിതാവ് ഒരു ഇടത്തരക്കാരനായ വാസ്തുശില്‍പ്പിയായിരുന്നു എന്നാണ് ബ്രാഡ്ഫോള്‍ഡിന്റെ കണ്ടെത്തല്‍.
ക്രിസ്തു ഒരു ആശാരിയുടെ മകനായിട്ടാണ് പിറന്നത് എന്ന വിശ്വാസം തെറ്റായ തര്‍ജ്ജമയുടെ ഫലമാണ്. യഥാര്‍ത്ഥത്തില്‍ ജീസസ് ഇടത്തരക്കാരനും പ്രതിഭാശാലിയും ആയിരുന്ന ഒരു വാസ്തു ശില്‍പ്പിയുടെ മകനായിരുന്നു ബ്രാഡ്ഫോള്‍ഡിനെ ഉദ്ധരിച്ചുകൊണ്ട് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ദ ജീസസ് ഡിസ്കവറി’ എന്ന പേരില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകത്തില്‍ ബ്രാഡ്ഫോള്‍ഡ് ക്രിസ്തുവിന്റെ 12-30 വയസ്സ് വരെയുള്ള അജ്ഞാത വാസക്കാലത്തെ കുറിച്ചും പറയുന്നുണ്ട്. ഇക്കാലത്ത് ക്രിസ്തു മതപരമായ പഠനം നടത്തി ജൂദിയയിലെ പ്രധാന മതപണ്ഡിതനായി മാറിയെന്നും ബൈബിള്‍ പണ്ഡിതന്‍ അവകാശപ്പെടുന്നു.
ഗ്രീക്ക്, ഹീബ്രു ഭാഷകളിലുള്ള പുരാതന കൈയ്യെഴുത്തു പ്രതികള്‍ പഠിച്ചാണ് ബ്രാഡ്ഫോള്‍ഡ് പുതിയ നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്. “ടെക്ടോണ്‍” എന്ന ഗ്രീക്ക് വാക്ക് തെറ്റായി തര്‍ജ്ജമ ചെയ്തതാണ് ക്രിസ്തുവിന്റെ പിതാവ് ജോസഫിന്റെ തൊഴിലിനെ കുറിച്ച് തെറ്റിദ്ധാരണ പരക്കാന്‍ കാരണമായത്. ആശാരി എന്ന് പൊതുവായ അര്‍ത്ഥത്തില്‍ പറയാമെങ്കിലും ഈ വാക്കിന്റെ ശരിയായ അര്‍ത്ഥം വാസ്തുശില്‍പ്പി എന്നാണെന്നും ബ്രാഡ്ഫോള്‍ഡ് അവകാശപ്പെടുന്നു.