കാബൂളില്‍ ശക്തമായ സ്‌ഫോടനം

ശനി, 15 ഓഗസ്റ്റ് 2009 (11:19 IST)
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അതിശക്തമായ ചാവേര്‍ കാര്‍ബോബ് സ്ഫോടനം. സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക നിഗമനം. നാറ്റോ സഖ്യ കക്ഷികളുടേയും അമേരിക്കന്‍ പട്ടാ‍ള കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്.

പുലര്‍ച്ചെ നാറ്റോ അന്തര്‍ദേശീയ സുരക്ഷാ സഹാ‍യ സേനയുടെ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് അമേരിക്കന്‍ വക്‍താവ് ക്യാപ്റ്റന്‍ എലിസബത്ത് മത്തിയാസ് വ്യക്തമാ‍ക്കി. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നുവെന്നും എത്ര പേര്‍ മരണപ്പെട്ടു എന്ന് കൃത്യമായി കണക്കാക്കാനായിട്ടില്ലായെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സംഭവത്തിന് ദൃക്‌‌സാക്ഷികളായ ചിലര്‍ അഭിപ്രായപ്പെട്ടു. സ്‌ഫോടത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പുകപടലം നിറഞ്ഞിരുന്നു. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകരുത് എന്ന് താലിബാന്‍ കഴിഞ്ഞ ദിവസം അഫ്‌ഗാന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക