കണ്ടു പിടിച്ചു!; ‘ആ കുറ്റാന്വേഷണ നോവല്‍ റൌളിംഗിന്റേത്‘
തിങ്കള്‍, 15 ജൂലൈ 2013 (17:07 IST)
PRO
ഹാരി പോട്ടര്‍ സൃഷ്ടാവായ ജെ കെ റൌളിംഗ് എന്നത് സുപരിചിതമായ ഒരു പേരാണ്, എന്നാല്‍ റോബര്‍ട്ട് ഗാല്‍ബ്രെയ്ത് എന്ന എഴുത്തുകാരനെ ആര്‍ക്കും അറിയില്ല. റോബര്‍ട്ട് ഒരു നോവലെഴുതി, അത്രയധികം കോപ്പികള്‍ വിറ്റഴിഞ്ഞില്ലെങ്കിലും നോവല്‍ നിരൂപകശ്രദ്ധ പിടിച്ചുപറ്റി.
മുന്‍സൈനിക ഉദ്യോഗസ്ഥനായ കോര്‍മൊറാന്‍ സ്‌ട്രൈക്ക് എന്ന സ്വകാര്യഅന്വേഷകന്‍ , ഒരു മോഡലിന്റെ നിഗൂഢ മരണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് 'ദ കുക്കൂസ് കാളിംഗ്’ എന്ന നോവല്‍. 'ലിറ്റില്‍, ബ്രൗണ്‍ ആന്‍ഡ് കമ്പനി'യുടെ ഭാഗമായ 'സ്ഫിയര്‍' ആണ് കഴിഞ്ഞ ഏപ്രിലില്‍ നോവല്‍ പ്രസിദ്ധീകരിച്ചത്.
നോവലിന്റെ കര്‍ത്താവ് ഗാല്‍ബ്രെയ്ത് ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥനാണെന്നും, അദ്ദേഹത്തിന് ഭാര്യയും രണ്ട് പുത്രന്മാരുമുണ്ടെന്നും, സൈന്യത്തിലെ സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ രചനയെന്നും പ്രസാധകര്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഗാല്‍ബ്രെയ്ത് എന്നത് അപരനാമമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
സൈനിക സേവനത്തിന്റെ പശ്ചാത്തലമുള്ള ഒരാള്‍ എങ്ങനെ ഇത്രയും മികച്ച ആദ്യനോവലെഴുതി എന്നകാര്യം 'ദി സണ്‍ഡേ ടൈംസ്' പത്രം പരിശോധിച്ചപ്പോഴാണ് ഒടുവില്‍ രഹസ്യം പുറത്തായത്. കുറ്റാന്വേഷണ രീതിയില്‍ത്തന്നെയാണ് ടൈംസ് അന്വേഷണം നടത്തിയത്.
റൌളിംഗിന്റെയും ഗാല്‍ബ്രെയ്തിന്റെയും എഡിറ്റര്‍ ഒരേ ആളാണെന്ന കാര്യമാണ് ഇക്കാര്യത്തില്‍ ആദ്യ തെളിവ്. റൌളിംഗ്മുതിര്‍ന്നവര്‍ക്കായി എഴുതിയ 'ദി കാഷ്വല്‍ വേക്കന്‍സി' എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് 'ലിറ്റില്‍, ബ്രൗണ്‍ ആന്‍ഡ് കമ്പനി'യാണെന്ന കാര്യവും സണ്‍ഡേ ടൈംസ് ശ്രദ്ധിച്ചു.
റൗളിംഗാണ് നോവലിസ്‌റ്റെന്ന് അറിഞ്ഞതോടെ., 'ദ കുക്കൂസ് കാളിംഗി’ന്റെ വില്‍പ്പന കുതിച്ചുയര്‍ന്നു. ഞായറാഴ്ച ആമസോണിന്റെ ബസ്റ്റ് സെല്ലിങ് പട്ടികയില്‍ ആ നോവല്‍ ഒന്നാമതെത്തി.
ലോകത്താകമാനം 45 കോടി കോപ്പികള്‍ വിറ്റ ഹാരിപോട്ടര്‍ നോവലുകളുടെ രചയിതാവായ റൌളിംഗ്, അടുത്തയിടെയാണ് മുതിര്‍ന്നവര്‍ക്കായുള്ള നോവല്‍ രചനയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദി കാഷ്വല്‍ വേക്കന്‍സി'യും ശ്രദ്ധയും അതോടൊപ്പം വിമര്‍ശനവും പിടിച്ചുപറ്റിയിരുന്നു.