ഒര്‍ലാന്‍ഡോ കൂട്ടക്കൊല: കൊലയാളിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മുൻഭാര്യ

തിങ്കള്‍, 13 ജൂണ്‍ 2016 (16:36 IST)
അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബില്‍ അതിക്രമിച്ചു കടന്ന് വെടിവയ്പ് നടത്തിയ യുവാവ് ഒമർ സാദിഖ് മാറ്റീന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുയെന്ന് മുൻഭാര്യ സിതോറ യൂസിഫി.
 
എട്ടു വർഷം മുമ്പാണ് താന്‍ ഓൺലൈനിലൂടെ ഒമറിനെ പരിചയപ്പെട്ടത്. കുറച്ചുനാളുകള്‍ക്ക് ശേഷം തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. ഫ്ലോറിഡയിലായിരുന്നു വിവാഹം നടന്നത്. വിവാഹശേഷമുള്ള ആദ്യ നാളുകളെല്ലാം വളരെയേറെ സന്തോഷതോടെയാണ് മുന്നോട്ട് പോയത്. എന്നാല്‍ പിന്നീടുള്ള ജീവിതം സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. പല സമയങ്ങളിലും അക്രമസ്വഭാവം കാട്ടിയിരുന്ന സാദിഖ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. കൂടാതെ നിസാര കാര്യങ്ങൾക്കുപോലും തന്നെ മർദിച്ചിരുന്നെന്നും അതിനാലാണ് താന്‍ വിവാഹമോചനം നേടിയതെന്നും അവര്‍ വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ഓർലാൻഡോയിൽ സ്വവർഗാനുരാഗികൾ സമ്മേളിച്ച നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പ്പിൽ അന്‍പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പ് തുടങ്ങി മൂന്നു മണിക്കൂറിനുശേഷം ക്ലബ്ബിനുള്ളിൽ കടന്ന പൊലീസ് അക്രമിയെ വെടിവച്ചു കൊന്നശേഷമാണ് ബന്ദികളാക്കിയവരെ മോചിപ്പിച്ചത്. സംഭവസമയത്ത് 100ൽ അധികം പേർ ക്ലബ്ബിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക