ഒബാമ അഫ്ഗാന്‍ കമാന്‍ഡറെ പുറത്താക്കി

വ്യാഴം, 24 ജൂണ്‍ 2010 (09:21 IST)
ഭരണകൂടത്തിനെതിരെ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് യുഎസിന്റെ അഫ്ഗാന്‍ കമാന്‍ഡര്‍ സ്റ്റാന്‍‌ലി എ മക്‍ക്രിസ്റ്റലിനെ പ്രസിഡന്റ് ബരാക് ഒബാമ പുറത്താക്കി. പകരം ജനറല്‍ ഡേവിഡ് പെട്രോസിനാണ് അഫ്ഗാന്‍ ചുമതല നല്‍കിയിരിക്കുന്നത്.

യുഎസ് പ്രസിഡ്ന്റിനും വൈസ് പ്രസിഡന്റ് ജോ ബിഡനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരെ നടത്തിയ പരിഹാസ്യമായ പ്രസ്താവനകളാണ് ജനറല്‍ സ്റ്റാന്‍‌ലി എ മക്‍ക്രിസ്റ്റലിനെ പ്രതിക്കൂട്ടിലാക്കിയത്. ‘റോളിംഗ് സ്റ്റോണ്‍‘ മാഗസിനില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അഫ്ഗാന്‍ കമാന്‍ഡറുടെ വിവാദപരമായ പരാമര്‍ശം ഉണ്ടായിരുന്നത്.

തനിക്കെതിരെയുള്ള പരാമര്‍ശമല്ല, മറിച്ച്, സൈന്യത്തിനു മേലുള്ള സിവിലിയന്‍ നിയന്ത്രണത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവന കാരണമാണ് മക്‍ക്രിസ്റ്റലിനെ പുറത്താക്കുന്നതെന്ന് ഒബാമ വിശദീകരിക്കുന്നു. അഫ്ഗാന്‍ യുദ്ധത്തില്‍ അത്യാവശ്യ ഘടകമായ ‘വിശ്വാസം‘ ഇല്ലാതാക്കുകയാണ് മക്‍ക്രിസ്റ്റല്‍ ചെയ്തതെന്നും ഒബാമ കുറ്റപ്പെടുത്തി.

അഭിമുഖം പുറത്തുവന്ന ശേഷം മക്‍ക്രിസ്റ്റലിനെ വൈറ്റ്‌ഹൌസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. താന്‍ ഒരു കമാന്‍ഡറിനു ചേര്‍ന്ന രീതിയിലല്ല പെരുമാറിയത് എന്നും തെറ്റ് സമ്മതിക്കുന്നതായും രാജി നല്‍കിയ ശേഷം മക്‍ക്രിസ്റ്റല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇറാഖ് യുദ്ധത്തിന്റെ ചുക്കാന്‍ പിടിച്ച ആളാണ് അഫ്ഗാന്‍ കമാന്‍ഡറായി പുതിയ നിയമനം ലഭിച്ചിരിക്കുന്ന ജനറല്‍ ഡേവിഡ് പെട്രോസ്.

വെബ്ദുനിയ വായിക്കുക