ഏറ്റവും ഉയരമുള്ള സ്കൈ സ്ക്രേപ്പര്‍, ബുര്‍ജ്‌ ദുബായ്‌!

തിങ്കള്‍, 4 ജനുവരി 2010 (15:09 IST)
PRO
PRO
കനത്ത സുരക്ഷാ വലയത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്കൈ സ്ക്രേപ്പറായ (ആകാശ ഗോപുരമായ) ബുര്‍ജ്‌ ദുബായ്‌ തിങ്കളാഴ്ച രാത്രി ഉദ്ഘാടനം ചെയ്യപ്പെടും. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്‌ ഉന്നത വ്യക്തികളടക്കം ആറായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് അറിയുന്നു. 818 മീറ്ററിലേറെ ഉയരമുള്ള ടവറില്‍ 160 നിലകളാണുള്ളത്. 7,000 കോടിയോളം രൂപ ചെലവു കണക്കാക്കുന്ന ഈ ടവര്‍ 95 കിലോമീറ്റര്‍ ദൂരെ നിന്നു കാണാനാവും. എമാര്‍ പ്രോപ്പര്‍ട്ടീസ് നിര്‍മിച്ച ഈ അഭിമാനസൗധത്തില്‍ ആഡംബരഫ്‌ളാറ്റുകള്‍, ഓഫീസുകള്‍, മറ്റ് അത്യാധുനിക സംവിധാനങ്ങള്‍ തുടങ്ങിയവയാണ് സജ്ജമാക്കിയിട്ടുള്ളത്.

നമ്മുടെ രാജ്യത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം പഞ്ചാബിലെ ഫാസില്‍ക്കയിലുള്ള ഫാസില്‍‌ക്ക ടിവി ടവറാണ്. 1,001 അടിയാണ് ഇതിന്റെ ഉയരം. ഇതിനേക്കാള്‍ 1600 അടി അധികമാണ് ബര്‍ജ് ദുബായ് സ്കൈ സ്ക്രേപ്പറിന്. മുംബൈയിലുള്ള മുംബൈ ടെലിവിഷന്‍ ടവറാണ് നമ്മുടെ രാജ്യത്തെ രണ്ടാമത്തെ വലിയ കെട്ടിടം. ഇതിന് 984 അടി ഉയരമാണുള്ളത്.

ബുര്‍ജ്‌ ദുബയില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലിഫ്റ്റും. ലിഫ്റ്റിന്റെ വേഗത ഒരു സെക്കന്റില്‍ 10 മീറ്ററാണ്‌. താഴെ നിലയില്‍ നിന്ന്‌ ഏറ്റവും മുകളില്‍ എത്താന്‍ 60 സെക്കന്റ്‌ മാത്രം മതി. ഇത്തരത്തിലുള്ള 57 ലിഫ്റ്റുകളാണ്‌ ഇതിനകത്തുള്ളത്‌. എയര്‍ ബസ്സ്‌ വിമാനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയമാണ്‌ ഈ കെട്ടിടത്തില്‍ ആവരണം ചെയ്തിരിക്കുന്നത്‌. കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ഉറപ്പിക്കാനായി മാത്രം 11 ടണ്‍ നെറ്റും ബോള്‍ട്ടുമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌.

ഇതിനകത്ത്‌ 200 മീറ്റര്‍ ഉയരത്തിലുള്ള വാട്ടര്‍ ഫൗണ്ടനും ഉണ്ട്. ഏകദേശം 10 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള സംഭരണിയും സ്കൈ സ്ക്രേപ്പറിനുള്ളില്‍ ഉണ്ട്. വളയം രൂപത്തില്‍ നിര്‍മിച്ച ഈ കെട്ടിടത്തിന്‌ 22 മട്ടുപ്പാവുകളാണ് ഉള്ളത്‌. ഇതിന്റെ ലൈറ്റുകള്‍ ഒരേ സമയം കത്തിക്കാന്‍ 3,60000 വാട്ട്‌സ്‌ വൈദ്യുതി വേണം. 1044 റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളും 160 ആഡംബര റൂമുകളുമുണ്ട്‌. 3000 കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ അണ്ടര്‍ഗ്രൗണ്ട്‌ പാര്‍ക്കിങ്‌ സൗകര്യങ്ങളാണുള്ളത്‌. 49 നിലകള്‍ ഓഫിസുകള്‍ക്ക്‌ മാത്രമാണ്‌.

അമേരിക്കക്കാരനായ അഡ്രിയാന്‍ സ്മിത്ത് രൂപകല്പന ചെയ്ത ബുര്‍ജ് ദുബായ് തിരക്കേറിയ ഷേഖ് സയീദ് റോഡിലാണ്. തെക്കന്‍ കൊറിയന്‍ കമ്പനിയായ സാംസങ്ങ്‌ കോര്‍പ്പറേഷനാണ്‌ ഇതിന്റെ പ്രധാന നിര്‍മാതാക്കള്‍. 2004 സപ്തംബര്‍ 21നാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. ഏകദേശം അഞ്ചുവര്‍ഷം എടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്.

തൊണ്ണൂറ്റിയഞ്ച് കിലോമീറ്റര്‍ അകലെ നിന്നുതന്നെ ഈ കെട്ടിടം കാണാന്‍ കഴിയും. കെട്ടിടത്തിന്റെ മൊത്തം ചിലവ് രണ്ടായിരം കോടി ഡോളറാണ്‌. നേരത്തെ യു.എ.ഇ.യുടെ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന്‌ ഉദ്ഘാടനം ചെയ്യുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു.

2684 അടിയെങ്കിലും ഉയരമുള്ള ബുര്‍ജ്‌ ദുബായ് നിലവില്‍ വന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്കൈ സ്ക്രേപ്പറെന്ന പദവി തായ്‌വാനിലെ തായ്‌പേയ് 101-ന്നഷ്ടമായി. 1,671 അടിയാണ് തായ്‌പേയ് 101-ന്റെ ഉയരം. മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്‌ഹായിലുള്ള ഷാങ്‌ഹായ് വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്ന ടവറിനാണ്. ഇതിന് 1,614 അടി ഉയരമുണ്ട്.

വെബ്ദുനിയ വായിക്കുക