അന്താരാഷ്ട്ര പ്രതിഷേധം നിലനില്‍ക്കെ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയന്‍ മാധ്യമമായ വൈറ്റിഎന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഉത്തരകൊറിയന്‍ നയതന്ത്രപ്രതിനിധിയെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.
മെയിലോ ജൂണിലോ പരീക്ഷണം നടത്താനാണ് ഉത്തരകൊറിയ ഒരുങ്ങുന്നത്. ഉത്തരകൊറിയയുടെ മൂന്നാം ആണവപരീക്ഷണമാണിത്. കഴിഞ്ഞ മെയിലായിരുന്നു രണ്ടാം പരീക്ഷണം നടത്തിയത്. ഇതേ തുടര്‍ന്ന് ഉത്തരകൊറിയയ്ക്കെതിരെ യുഎന്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് വീണ്ടും ഉത്തരകൊറിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
കശിഞ്ഞ ഫെബ്രുവരിയിലാണ് മൂന്നാ ആണവപരീക്ഷണത്തിന് ഉത്തരകൊറിയ തയ്യാറെടുപ്പുകള്‍ നടത്തിയതെന്ന് വൈറ്റിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതികമായും മറ്റും ആദ്യ രണ്ട് പരീക്ഷണങ്ങളെ വെല്ലുന്ന തരത്തിലാണ് ഇക്കുറി തയ്യാറെടുപ്പുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പരീക്ഷണത്തിന്‍റെ വിവരങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് ഉത്തരകൊറിയ തയ്യാറായിട്ടില്ല. ദക്ഷിണകൊറിയയും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.