ഈജിപ്തില്‍ വീണ്ടും സംഘര്‍ഷം: ഏഴ് മരണം

ശനി, 26 ജനുവരി 2013 (11:07 IST)
PRO
PRO
ഈജിപ്തില്‍ വീണ്ടും സംഘര്‍ഷം, മുഹമ്മദ് മുര്‍സിക്കെതിരെ പ്രതിപക്ഷം നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേര്‍ മരിച്ചു. ഈജിപ്ഷ്യന്‍ നഗരമായ സൂയസിലുണ്ടായ വെടിവെപ്പിലാണ് ഏഴ് പേര്‍ വെടിയേറ്റ് മരിച്ചത്. ഹോസ്‌നി മുബാറക്കിനെ അധികാര ഭ്രഷ്ടനാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസുകാരനാണ്. വിവിധ സംഘര്‍ഷങ്ങളില്‍ 456 പേര്‍ക്ക് പരുക്കേറ്റു. മുഖംമൂടി ധരിച്ച പ്രക്ഷോഭകരുടെ ഇടയില്‍നിന്നും വെടിവെപ്പുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് തിരിച്ചുവെടിവെച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2011ലെ 18 ദിവസം നീണ്ട പ്രക്ഷോഭ സമയത്തെ മുദ്രാവാക്യങ്ങളാണ് ഇത്തവണയും പ്രതിഷേധക്കാര്‍ ഉപയോഗിക്കുന്നത്. ഈജിപ്ഷ്യന്‍ നഗരമായ സൂയസിന് പുറമേ അലക്‌സാണ്ട്രിയയിലും പ്രക്ഷോഭക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

പ്രക്ഷോഭത്തിന്റെ രണ്ടാം വാര്‍ഷികദിനമായ ജനുവരി 25നാണ് പ്രതിപക്ഷത്തിന്റെ സമര പരിപാടികള്‍ ആരംഭിച്ചത്. മുബാറക്കിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തെ തുരങ്കം വെക്കുന്നതാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ പ്രവര്‍ത്തനങ്ങളെന്നാണ് റാലിക്ക് നേതൃത്വം നല്‍കിയ പ്രതിപക്ഷ കക്ഷികളുടെ ആരോപണം. എന്നാല്‍ പ്രതിപക്ഷ ആരോപണത്തെ തള്ളിക്കളഞ്ഞ മുഹമ്മദ് മുര്‍സി പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷം സമാധാനപൂര്‍വ്വം നടത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു.

പ്രക്ഷോഭകാരികളെ വധിച്ച കുറ്റത്തിന് ഹോസ്‌നി മുബാറക്കിനെ ജീവപര്യന്തം ശിക്ഷ നല്‍കിയ വിധി റദ്ദാക്കിക്കൊണ്ട് ജനുവരി 13ന് അപ്പീല്‍കോടതി ഉത്തരവിട്ടിരുന്നു. മുബാറക്കിന് പുനര്‍വിചാരണ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. 84കാരനായ മുബാറക്ക് ഇപ്പോള്‍ സൈനിക ആശുപത്രിയിലാണ് കഴിയുന്നത്.

അധികാരത്തിലുള്ള മുസ്ലിം ബ്രദര്‍ഹുഡ് ഔദ്യോഗികമായി ഈജിപ്ഷ്യന്‍ പ്രക്ഷോഭ വാര്‍ഷികത്തിന് റാലികളൊന്നും ആഹ്വാനം ചെയ്തിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനമാര്‍ഗ്ഗങ്ങളും നടത്തി വാര്‍ഷികദിനം ആഘോഷിക്കാനാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ തീരുമാനം.

ഏകാധിപത്യ ഭരണമാണ് മുര്‍സി ഈജിപ്തില്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. മുര്‍സി നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതി ഈജിപ്തിനെ ഇസ്ലാമിക രാജ്യമാക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗത്തിനും സ്ത്രീകള്‍ക്കും യാതൊരു ആനുകൂല്യങ്ങളും അനുവദിക്കില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം ഭരണഘടനാ ഭേദഗതിയെ ചരിത്രപരമായ തീരുമാനമെന്നാണ് മുര്‍സി വിശേഷിപ്പിച്ചത്. ഈജിപ്ഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും നബി ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഹമ്മദ് മുര്‍സി പറഞ്ഞു.

വെബ്ദുനിയ വായിക്കുക