ഇറാന്‍ എംബസിക്കടുത്ത് ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 23 മരണം
ബുധന്‍, 20 നവംബര്‍ 2013 (10:32 IST)
PRO
ലെബനന്‍തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഇറാന്‍ എംബസിക്കടുത്ത് നടന്ന ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 150-ഓളം പേര്‍ക്ക് പരുക്കേറ്റു.
ഇറാന്‍ എംബസി പ്രവര്‍ത്തിക്കുന്ന ഒമ്പതുനില കെട്ടിടത്തിനുപുറത്ത് ബൈക്കിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചായിരുന്നു ആദ്യസ്‌ഫോടനം. കാറിലെത്തിയ ചാവേറാണ് രണ്ടാമത്തെ സ്‌ഫോടനം നടത്തിയത്. ആക്രമണത്തില്‍ സമീപത്തെ നാല് കെട്ടിടങ്ങളുടെ മുന്‍ഭാഗത്തിന് വന്‍നാശം സംഭവിച്ചു. എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.
ഇറാന്‍ എംബസിയിലെ സാംസ്‌കാരിക ഉപദേശകന്‍ ഷെയ്ക്ക് ഇബ്രാഹിം അന്‍സാരി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ട്. എന്നാല്‍, അന്‍സാരി ജീവിച്ചിരിപ്പുണ്ടെന്ന് ഇറാന്‍ വിദേശകാര്യവക്താവ് മര്‍സീ അഫ്ഖാം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സുന്നി ജിഹാദി ഗ്രൂപ്പ് 'അബ്ദുള്ള അസം ബ്രിഗേഡ്‌സ്' ഏറ്റെടുത്തു.
ഇറാന്റെ പിന്തുണയുള്ള, ലെബനനിലെ ഷിയ സംഘടനയായ ഹിസ്ബുള്ള തങ്ങളുടെ അംഗങ്ങളെ സിറിയയില്‍നിന്ന് പിന്‍വലിക്കുക, ലെബനന്‍ ജയിലിലുള്ള തങ്ങളുടെ സംഘാംഗങ്ങളെ വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആക്രമണം. ഹിസ്ബുള്ളയ്ക്ക് നിര്‍ണായകസ്വാധീനമുള്ള പ്രദേശമാണിത്.