ഇറാനോടുള്ള അകല്‍ച്ചയില്‍ കുറവുണ്ടായിട്ടില്ല; അമേരിക്ക
ശനി, 9 നവംബര്‍ 2013 (17:43 IST)
PRO
ഇറാനോടുള്ള അകല്‍ച്ചയില്‍ കുറവൊന്നുമുണ്ടായിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ആണവ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.
ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പമായിരുന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ നയതന്ത്രജ്ഞരും ചര്‍ച്ച നടത്തിയത്. അമേരിക്കയും ഇറാനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജനീവ ചര്‍ച്ചകള്‍ക്കാകുമെന്ന് യൂറോപ്യന്‍ രാഷ്ട്ര പ്രതിനിധികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറാനുമായി ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ഉടമ്പടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും കെറി പറഞ്ഞു. അനൗപചാരികമായി നടന്ന ചര്‍ച്ചയില്‍ ഉടമ്പടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു പറഞ്ഞ കെറി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വലിയ വിടവുകള്‍ ഇന്നും തുടരുന്നുണ്ടെന്നും, ഇത് കുറക്കാനുള്ള പരിശ്രമത്തിലാണെന്നും വ്യക്തമാക്കി.