ഇറാനിലെ സൈബര്‍ ആക്രമണം തടഞ്ഞു: ഗൂഗിള്‍

വ്യാഴം, 13 ജൂണ്‍ 2013 (18:04 IST)
PRO
PRO
ഇറാനിലെ ജിമെയില്‍ അക്കൗണ്ടുകളിലേക്കുള്ള സൈബര്‍ ആക്രമണം തടഞ്ഞെന്നു ഗൂഗിള്‍ അവകാശപ്പെട്ടു. ഇറാന്‍ പൌരന്‍മാരുടെ ജിമെയില്‍ അക്കൌണ്ടിന്റെ പാസ് വേര്‍ഡും മറ്റ് അനുബന്ധ വിവരങ്ങളും ശേഖരിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നുവെന്ന് ഗൂഗിള്‍ പറയുന്നു. ഹാക്കര്‍മാര്‍ അക്കൗണ്ട് മെയിന്റിനെന്‍സെന്ന പേരില്‍ ഇമെയില്‍ വെബ് പേജ് ലിങ്ക്, ജിമെയില്‍ അക്കൌണ്ട് ഉടമകള്‍ക്ക് അയച്ചാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്.

ഈ വെബ് പേജ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിന്റെ വ്യാജ സൈന്‍ ഇന്‍ പേജിലേക്കായിരിക്കും അക്കൌണ്ട് ഉടമസ്ഥരെ നയിക്കുക. വ്യാജ സൈന്‍ ഇന്‍ പേജില്‍ പാസ് വേര്‍ഡും മറ്റു വിവരങ്ങളും നല്‍കിയാല്‍ ആ വിവരങ്ങള്‍ കൃത്യമായി ഹാക്കര്‍മാരുടെ കൈയ്യില്‍ എത്തിച്ചേരുമായിരുന്നുവെന്ന് ഗൂഗിള്‍ പറഞ്ഞു.

ജൂണ്‍ 14ന് ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഈ ഹാക്കിങ്ങ് ശ്രമം രാഷ്ട്രീയ പ്രേരിതമാണോ എന്നും ഗൂഗിള്‍ സംശയിക്കുന്നുണ്ട്. ഹാക്കിങ്ങിനുള്ള ശ്രമം നടന്നത് ഇറാനില്‍ നിന്നു തന്നെയാണ്. അഹ്മദി നെജാദ് 2009ല്‍ രണ്ടാമതും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു ശേഷം നടക്കുന്ന ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടാണ് ഗൂഗിള്‍ ഹാക്കിങ്ങ് ശ്രമം രാഷ്ട്രീയ പ്രേരിതമാണോയെന്നു സംശയം ഉന്നയിച്ചത്.

അക്കൌണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ട് മൂന്ന് ആഴ്ച്ചയായിയെന്നു ഗൂഗിള്‍ അറിയിച്ചു. കൃത്യമായ നീരിക്ഷണത്തിനു ശേഷമാണ് ഹാക്കര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക