ഇറാഖില്‍ നിന്ന് 2010ഓടെ വന്‍തോതിലുള്ള സൈനിക പിന്‍മാറ്റം ഉണ്ടാകുമെന്ന് അമേരിക്ക. 1,42,000 സൈനികര്‍ 2010 ആഗസ്‌തില്‍ പിന്‍മാറുമെന്ന് പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെ ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം 30000ത്തിനും 50000ത്തിനും ഇടയ്ക്കാവും. സേനാ പിന്‍മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സുമായി ഒബാമ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. 4,250 അമേരിക്കന്‍ സൈനികര്‍ ഇതുവരെ ഇറാഖില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 650 ബില്യണ്‍ ഡോളറാണ് ഇറാഖിലെ സൈനിക നടപടിയ്‌ക്കുവേണ്ടി അമേരിക്ക ചെലവഴിച്ചത്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ സൈനിക നടപടി തുടരുമെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 17000 സൈനികരെ കൂടി അഫ്ഗാനിലേയ്ക്ക് അയയ്ക്കാന്‍ ഏതാനും ദിവസം മുന്‍പ് ഒബാമ തീരുമാനിച്ചിരുന്നു.
ഇറാഖില്‍ അമേരിക്ക കൈക്കൊണ്ട പല നടപടികളും തെറ്റായിരുന്നു എന്ന് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് വിടവാങ്ങുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് ബുഷ് പറഞ്ഞിരിന്നു. ബാഗ്ദാദിലെ അമേരിക്കന്‍ സേനയുടെ കടന്ന് കയറ്റം തെറ്റായിപ്പോയെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
എന്നാല്‍ ഇറാഖ് ആക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കാബിനറ്റ് നടത്തിയ ചര്‍ച്ചകളെ കുറിച്ചുള്ള രേഖകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളി. നിയമസെക്രട്ടറി ജാക്ക് സ്ട്രോ ഹൗസ് ഓഫ് കോമണ്‍സില്‍ അറിയിച്ചതാണിക്കാര്യം. ഇന്‍ഫര്‍മേഷന്‍ ട്രൈബ്യൂണല്‍ ഇറാഖ് ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ വെളിപ്പെടുത്തല്‍ ഉണ്ടാക്കുമെന്നതിനാലാണ് ഇറാക്ക് യുദ്ധവുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്താത്തതെന്നും ജാക്ക് സ്ട്രോ കൂട്ടിച്ചേര്‍ത്തു.