ഇറാഖിന് ഇത് ആഘോഷത്തിന്‍റെ ദിവസം

ബുധന്‍, 1 ജൂലൈ 2009 (09:20 IST)
PROPRO
ഇറാഖിന്‍റെ അധികാരവും ഭാവിയും ഇനി അവിടത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളുടെ കൈയിലാണെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. വൈറ്റ്‌ ഹൗസില്‍ നടന്ന ഒരു പൊതു ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാഖ്‌ നഗരങ്ങളില്‍ നിന്നുള്ള യുഎസ്‌ സൈനിക പിന്‍മാറ്റം പൂര്‍ത്തിയായത്‌ ഒരു സുപ്രധാനമായ നാഴികക്കല്ലാണെന്ന്‌ ഒബാമ അഭിപ്രായപ്പെട്ടു. ഇറാഖിലെ ജനതയ്ക്ക് ഇത് ആഘോഷത്തിന്‍റെ ദിവസമാണ്. വെല്ലുവിളികള്‍ക്കിടയിലും സ്വയം പര്യാപ്തത നേടിയ സുസ്ഥിര പരമാധികാര രാജ്യമായി ഇറാഖിനെ വളര്‍ത്താന്‍ അമേരിക്ക എല്ലാ പിന്തുണയും നല്‍കുമെന്നും ഒബാമ പറഞ്ഞു.

2011 ഓടെ യുഎസ്‌ സൈന്യം ഇറാഖില്‍ നിന്നു പൂര്‍ണമായി പിന്‍മാറുന്നതിനുള്ള കരാറില്‍ ഇറാഖ് നേതാക്കളും മുന്‍ യുഎസ് പ്രസിഡന്‍റ് ജോര്‍ജ്‌ ഡബ്ല്യു ബുഷും ഒപ്പുവച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈനിക പിന്‍മാറ്റം.

ആറ് വര്‍ഷത്തെ ആധിപത്യത്തിന് ശേഷമാണ് യുഎസ് സേന ഇറാഖ് വിടുന്നത്. ഗ്രാമങ്ങളില്‍ മാത്രം തുടരുന്ന സൈന്യം പരിശീലകരെ നിലനിര്‍ത്തി 2011ല്‍ പൂര്‍ണമായും ഇറാഖ് വിടും. അധിനിവേശത്തില്‍ നിന്നും മോചിതരായതിന്‍റെ ആഹ്ലാദ സൂചകമായി ഇന്നലെ ഇറാഖില്‍ ദേശീയ പരമാധികാര ദിനം ആചരിച്ചു.

വെബ്ദുനിയ വായിക്കുക