ഇന്‍ഷുറന്‍സ് എടുത്തില്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്ന് വീട്ടമ്മയ്ക്ക് ഭീഷണി. ഒരു കോള്‍സെന്‍റര്‍ സെയില്‍സ്മാനാണ് 23കാരിയായ ജൂലി മലക് എന്ന വീട്ടമ്മയെ ഇന്‍ഷുറന്‍സ് എടുക്കാത്തതിന്‍റെ പേരില്‍ നിരന്തരം ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ജൂലിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി.
എല്ലാ ദിവസവും അമ്പതിലധികം തവണയാണ് പ്രസ്തുത കോള്‍ സെന്‍ററില്‍ നിന്ന് ക്രിസ് എന്ന് പരിചയപ്പെടുത്തിയ സെയില്‍സ്മാന്‍ ജൂലിയുടെ ഫോണിലേക്ക് വിളിച്ചത്. ഫോണ്‍ എടുത്തില്ലെങ്കില്‍ വോയിസ് മെയില്‍ വഴി ചീത്തവിളിയും ഭീഷണിയും നടത്തുകയായിരുന്നു അയാളുടെ പതിവ്.
അപകട ഇന്‍ഷുറന്‍സ് എടുക്കണമെന്ന ആവശ്യവുമായാണ് ക്രിസ് ആദ്യമായി വിളിക്കുന്നത്. ഇന്ത്യന്‍ അക്സന്‍റിലാണ് അയാള്‍ സംസാരിച്ചതെന്ന് ജൂലി മലക് പറയുന്നു. തനിക്ക് ഇന്‍ഷുറന്‍സില്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ക്രിസ് ദിവസവും വിളിക്കുകയായിരുന്നു. ഓരോ ദിവസവും ഉച്ചകഴിഞ്ഞ് 2 മുതല്‍ നാലുമണി വരെയുള്ള സമയത്ത് അമ്പതിലധികം കോളുകളാണ് അയാള്‍ ചെയ്തിരുന്നത്.
‘യു കെ ആക്സിഡന്‍റ് ആന്‍റ് ഹെല്‍പ്പ് ലൈന്‍’ എന്ന ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണ് വിളിക്കുന്നതെന്ന് ക്രിസ് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ ആരും അങ്ങനെ വിളിച്ചിട്ടില്ലെന്നും കമ്പനിയുടെ പേര് ആരോ ദുരുപയോഗം ചെയ്യുകയാണെന്നും കമ്പനി അധികൃതര്‍ പറയുന്നു.
ഒരു ഭ്രാന്തനെപ്പോലെയാണ് ഫോണ്‍ ചെയ്യുന്നയാള്‍ പെരുമാറുന്നതെന്ന് ജൂലി പറയുന്നു. ഭയം തോന്നിയപ്പോഴാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ജൂലിക്ക് 16 മാസം പ്രായമായ ഒരു മകനുണ്ട്.