ഇന്ത്യയെയും ചൈനയെയും വലക്കുന്നത് ‘അവന്‍’ തന്നെ!

ചൊവ്വ, 27 മാര്‍ച്ച് 2012 (10:12 IST)
PRO
PRO
അഴിമതി ഇന്ത്യയെ മാത്രമല്ല കാര്‍ന്നുതിന്നുന്നത്. അണ്ണാ ഹസാരെയും സംഘവും അതുപോലുള്ള മറ്റ് കൂട്ടായ്മകളും അഴിമതിക്കെതിരെ ഘോരയുദ്ധം നടത്തുന്നുണ്ടെങ്കിലും അനുനിമിഷം കൂടുന്നതല്ലാതെ അഴൈമതി കുറയുന്ന ലക്ഷണമില്ല. പ്രതിരോധ ഇടപാടിന് കൂട്ടുനിന്നാല്‍ 14 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് ഇടനിലക്കാരന്‍ വാഗ്ദാനം ചെയ്തതായി കരസേനാ മേധാവി ജനറല്‍ വികെ സിംഗ് പറഞ്ഞതാണ് അഴിമതിക്കഥയിലെ ഏറ്റവും പുതിയ വാര്‍ത്ത.

എന്തായാലും, ‘ഔട്ട്‌സോഴ്സിംഗ്’ അടക്കമുള്ള എല്ലാക്കാര്യങ്ങള്‍ക്കും ചൈനയോട് മത്സരിക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന ഒരു പ്രസ്താവന ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബൊ നടത്തിയിരിക്കുകയാണ്. അഴിമതി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കാര്‍ന്ന് തിന്നുകയാണെന്നും ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ രാജ്യത്തിന്റെ അടിത്തറ തകരും എന്നുമാണ് വെന്‍ ജിയാബൊ പ്രസ്താവിച്ചത്.

“ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന പ്രധാന ഭീഷണി അഴിമതിയാണ്. സര്‍ക്കാരിന്‍റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലം കാണുന്നില്ല. അഴിമതി തുടച്ചുനീക്കാനായില്ലെങ്കില്‍ രാജ്യത്തിന്റെ അടിത്തറ തകരുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാക്കും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കും. ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്ന്. ചൈനിസ് സര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്” - വെന്‍ ജിയാബൊ പറയുന്നു.

ഒരു ദശാബ്ദം പ്രധാനമന്ത്രി പദം അലങ്കരിച്ച വെന്‍ ജിയാബൊ ഈ വര്‍ഷം വിരമിക്കാനിരിക്കെയാണ് വിവാദ പ്രസ്താവനയുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക