ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കോളജ് പൂട്ടി
ബുധന്‍, 23 ജൂണ്‍ 2010 (18:29 IST)
ഓസ്ട്രേലിയയില്‍ 450 ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു കോളജ് അടച്ചുപൂട്ടി. അഡലൈഡിലുള്ള ‘അഡലൈഡ് പസഫിക് ഇന്റര്‍നാഷണല്‍‘ കോളജാണ് അടച്ചുപൂട്ടിയതെന്ന് ‘എബിസി’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം നടത്തിയ സര്‍ക്കാര്‍ പരിശോധനയില്‍ കോളജിന് വേണ്ടത്ര നിലവാരം ഇല്ലെന്ന് മനസ്സിലാവുകയായിരുന്നു. മാര്‍ച്ചിലാണ് സര്‍ക്കാര്‍ പരിശോധന നടന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വിദ്യാഭ്യാസ ഗുണ നിലവാരമില്ലാത്തതും കാരണം പസഫിക് ഇന്റര്‍നാഷണല്‍ കോളജിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയതായി വിദ്യാഭ്യാസമന്ത്രി ജാക്ക് സ്നെല്ലിംഗ് മാധ്യമങ്ങളെ അറിയിച്ചു. ഇനിമുതല്‍ കോളജിനു തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല.
ഓസ്ട്രേലിയയിലെ വിദേശ വിദ്യാര്‍ത്ഥി സമൂഹത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ചൈനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ എത്തുന്നത്.