ഇന്‍ഡോനേഷ്യയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ക്രിസ്മസ് ദ്വീപിലേക്ക് 106 അഭയാര്‍ത്ഥികളുമായി വരികയായിരുന്ന ബോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങി.
ഓസ്‌ട്രേലിയന്‍ നേവിയും മറ്റ് സുരക്ഷാ വിഭാഗങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ യാത്രക്കാരെയെല്ലാം രക്ഷിക്കാന്‍ കഴിഞ്ഞു.ഓസ്‌ട്രേലിയ അഭയാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ നടത്തുന്ന ക്രിസ്മസ് ഐലന്‍ഡിന് 220 കിലോമീറ്റര്‍ വടക്കാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
അപടകത്തില്‍പ്പെട്ട ഉടന്‍ തന്നെ ബോട്ടില്‍ നിന്ന് സഹായ അഭ്യര്‍ത്ഥന ലഭിച്ചതോടെ ഓസ്‌ട്രേലിയന്‍ നേവിയുടെ കപ്പല്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. യാത്രക്കാരായ അഭയാര്‍ത്ഥികളേറെയും ജീവന് വേണ്ടി പോരാടുന്ന അവസരത്തിലാണ് അധികൃതര്‍ സഹായവുമായി എത്തിയത്.
പ്രതിദിനം നൂറുകണക്കിന് പേര്‍ അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം നടത്താറുണ്ട്. അടുത്ത കാലത്തായി നിരവധി പേരാണ് കടല്‍മാര്‍ഗമുള്ള കുടിയേറ്റ ശ്രമത്തിനിടെ മരണപ്പെട്ടത്.