ആ അഭിമുഖം എന്‍റേതല്ല, ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: വിജയ് മല്യ; അഭിമുഖം മല്യയുടേതുതന്നെയെന്ന് പത്രം!

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (12:14 IST)
‘ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ പറ്റിയ സമയമല്ല ഇത്’ എന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്ന് ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുങ്ങിയ ബിസിനസ് പ്രമുഖന്‍ വിജയ് മല്യ. ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന് താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നും വിജയ് മല്യ പറയുന്നു.
 
ട്വിറ്ററിലൂടെയാണ് ഇക്കാര്യം വിജയ് മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ ചോദ്യാവലി മല്യയുടെ ഇ മെയില്‍ വിലാസത്തില്‍ അയച്ചുകൊടുത്ത് എടുത്ത അഭിമുഖമാണ് പ്രസിദ്ധീകരിച്ചതെന്നാണ് ഗാര്‍ഡിയന്‍ അറിയിച്ചിരിക്കുന്നത്. ഇ മെയിലിന്‍റെ ആധികാരികത ഉറപ്പാക്കിയിരുന്നതായും പത്രം വ്യക്തമാക്കി. 
 
എന്നാല്‍ ആ ഇ മെയില്‍ ഐഡി തന്‍റേതല്ലെന്നും ഗാര്‍ഡിയന്‍ പറയുന്ന പ്രോട്ടോണ്‍‌മെയില്‍ എന്ന ഡൊമൈനെക്കുറിച്ച് താന്‍ കേട്ടിട്ടുപോലുമില്ലെന്നും വിജയ് മല്യയും വ്യക്തമാക്കി. 
 
9000 കോടി രൂപ വായ്പയെടുത്ത ശേഷം വിജയ് മല്യ വിദേശത്തേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മല്യ ഇപ്പോള്‍ ബ്രിട്ടണിലുണ്ടെന്നാണ് വിവരം.