തനിക്കും ഭര്‍ത്താവ് നിക്കോളാസ് സര്‍ക്കോസിക്കുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നില്ല എന്ന് കാര്‍ല ബ്രൂണി. തനിക്കും ഭര്‍ത്താവിനും വിവാഹേതര ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് വിശ്വസിക്കുന്നില്ല എന്നും ഫ്രാന്‍സിന്റെ പ്രഥമ പൌര വ്യക്തമാക്കി.
ആരോപണങ്ങള്‍ വില കുറഞ്ഞതും പ്രാധാന്യമില്ലാത്തതുമാണ്. സന്തോഷകരമല്ലാത്ത ഊഹാപോഹങ്ങളാണ് ഇവയെങ്കിലും ഇത് തനിക്കോ സര്‍ക്കോസിക്കോ എതിരെയുള്ള ഗൂഡാലോചനയാണെന്ന് വിശ്വസിക്കുന്നില്ല. സര്‍ക്കോസിയുടെ അനുയായികള്‍ ഇതിനെ ഗൂഡാലോചനയെന്നു വിശേഷിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബ്രൂണി പറഞ്ഞു.
ഗോസിപ്പുകള്‍ എക്കാലത്തും ഉള്ളതാണെന്നും അത് നിര്‍ഭാഗ്യകരമാണെങ്കിലും മനുഷ്യ സഹജമാണെന്നും ബ്രൂണി കൂട്ടിച്ചേര്‍ത്തു. യൂറോപ്പ് 1 റേഡിയോയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
താനും ഭര്‍ത്താവും ഇത്തരം ഗോസിപ്പുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതൊരു ഗൂഡാലോചനയല്ല. അതിനാല്‍, പ്രതികാരത്തിനെ കുറിച്ചും ചിന്തിക്കേണ്ട കാര്യമില്ല, ബ്രൂണി പറഞ്ഞു.
വിദേശ വ്യാപാരികളുടെ ഗൂഡാലോചനയാണ് സര്‍ക്കോസിക്കും ബ്രൂണിക്കുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്ന് സര്‍ക്കോസിയുടെ മാധ്യമ ഉപദേശകന്‍ പിയറി ചാരണ്‍ അഭിപ്രായപ്പെട്ടിരുന്നു.