അമ്മയുടെ മൃതദേഹത്തിനരികില്‍ പഞ്ചസാര കഴിച്ച് കഴിഞ്ഞ കുട്ടിയെ രക്ഷിച്ചു

വ്യാഴം, 28 മാര്‍ച്ച് 2013 (11:42 IST)
PRO
PRO
ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ നാല് വയസ്സുകാരനെ യുഎസ് പൊലീസ് രക്ഷിച്ചു. പഞ്ചസാര കഴിച്ചാണ് കുട്ടി ജീവിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ കുട്ടിയെ ദത്തെടുക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ പൊലീസിനെ വിളിക്കുന്നുണ്ട്.

ചൊവ്വാഴ്ച ന്യൂ ജേഴ്സിയില്‍ കുട്ടിയും അമ്മയും കഴിഞ്ഞിരുന്ന ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചില നിര്‍മ്മാണ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് എത്തി. കുട്ടിയുടെ അമ്മ കൈന വര്‍ക്ക്മാന്‍(38) ബെഡ്‌റൂമില്‍ മരിച്ചു കിടക്കുന്നതായി പൊലീസ് കണ്ടെത്തി. നഗ്നനായ നിലയില്‍ കുട്ടി തൊട്ടടുത്ത് ഉണ്ടായിരുന്നു. പക്ഷേ പൊലീസിനെ കണ്ടിട്ടും കുട്ടി കരഞ്ഞില്ല. തനിക്ക് ജ്യൂസും സാന്‍ഡ്‌വിച്ചും വേണം എന്ന് കുട്ടി ആവശ്യപ്പെട്ടു. മെലിഞ്ഞ് എല്ലും തോലുമായ നിലയില്‍ ആയിരുന്നു കുട്ടി. വെറും 11 കിലോഗ്രാം ഭാരമേ കുട്ടിയ്ക്കുള്ളൂ.
പൊലീസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃതദേഹം കണ്ടെത്തുമ്പോള്‍ സ്ത്രീ മരിച്ച് അഞ്ച് ദിവസമെങ്കിലും ആയിക്കാണും എന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

വെബ്ദുനിയ വായിക്കുക