അമേരിക്കയിലും ആണവബോംബ് വര്‍ഷിച്ചിരുന്നു!

ശനി, 21 സെപ്‌റ്റംബര്‍ 2013 (17:13 IST)
PRO
PRO
അമേരിക്കയിലും ആണവബോംബ് വര്‍ഷിച്ചിരുന്നു. അതെ, ആണവ ദുരന്തത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു അമേരിക്ക. 1961 ല്‍ അമേരിക്കന്‍ വ്യോമസേന അത്തരമൊരു ദുരന്തത്തിനടുത്ത് നോര്‍ത്ത് കരോലിനയെ എത്തിച്ചതായി രഹസ്യരേഖ പുറത്തുവന്നു.

ഹിരോഷിമയില്‍ അമേരിക്കയിട്ട ആറ്റംബോംബിന്റെ 260 മടങ്ങ് സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് നോര്‍ത്ത് കരോലിനയില്‍ വീണത്. യുഎസ് വ്യോമസേനയുടെ ഒരു ബി-52 പോര്‍വിമാനം, നോര്‍ത്ത് കരോലിനയ്ക്ക് മുകളില്‍വെച്ച് നിയന്ത്രണം വിട്ട് തലകീഴായി വട്ടംചുറ്റിയപ്പോള്‍, അതിലുണ്ടായിരുന്ന രണ്ട് മാര്‍ക്ക് 39 ഹൈഡ്രജന്‍ ബോംബുകള്‍ താഴെ വീണു. അവയില്‍ നാല് മെഗാടണ്‍ ശേഷിയുള്ള ഒരു ബോംബില്‍ സ്‌ഫോടനപ്രക്രിയ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ബോംബിലെ ഒരു സ്വിച്ച് പ്രവര്‍ത്തിക്കാത്തതാണ് വന്‍ ദുരന്തമൊഴിവാക്കിയത്.

ആദ്യമായാണ് അമേരിക്കയും ആണവദുരന്തത്തിന് ഇരയാകുമായിരുന്നു എന്നു തെളിയിക്കുന്ന രേഖ പുറത്തു വരുന്നത്. ബ്രിട്ടീഷ് പത്രമായ 'ഗാര്‍ഡിയന്‍ ' പുറത്തുവിട്ട രേഖയിലാണ്, 1961 ജനവരി 23 ന് അമേരിക്ക നേരിടുമായിരുന്ന ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജേര്‍ണലിസ്റ്റായ എറിക് സ്‌കോള്‍സറിന് 'ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട്' പ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.

വെബ്ദുനിയ വായിക്കുക