സ്വിറ്റ്‌സര്‍ലന്‍റിലെ സേണ്‍ ലബോറട്ടറിയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ കണിക ദൈവകണമാണെന്ന് സൂചന. ദൈവകണമെന്ന പേരില്‍ അറിയപ്പെടുന്ന ഹിഗ്‌സ് ബോസോണ്‍ കണത്തോട് സാദൃശ്യമുളള കണിക കണ്ടെത്തിയതായി ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചു.
ഇത് ഹിഗ്സ് ബോസോണ്‍ കണികയാണെങ്കില്‍ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിന്‍റെ തുടക്കമാണ് ഈ കണ്ടെത്തല്‍. ഡാറ്റാ വിശകലനത്തിലൂടെ മാത്രമേ ഇതേക്കുറിച്ചുള്ള വ്യക്തത ലഭിക്കുകയുള്ളൂ. ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രോട്ടോണുകളുടെ രണ്ട് ബീമുകളെ എതിര്‍ദിശകളില്‍ നിന്നു കൂട്ടിയിടിപ്പിച്ചാണ് ഹിഗ്സ് ബോസോണിനെ കണ്ടെത്താനുള്ള പരീക്ഷണം നടത്തുന്നത്.
ബ്രിട്ടീഷ് ശാസ്‌ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്‍റെയും ഇന്ത്യന്‍ ശാസ്‌ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്‍റെയും പേരുകളില്‍ നിന്നാണ് ഹിഗ്സ് ബോസോണ്‍ എന്ന പേരുണ്ടായത്.