ലോകമെങ്ങുമുള്ള ജനങ്ങൾ കൊറോണഭീതിയിൽ കഴിയുമ്പോഴാണ് വീണ്ടും മറ്റൊരു ലോക സന്തോഷദിനം വന്നെടുക്കുന്നത്. ഇത്രയും വലിയ ഒരു ദുരന്തം ലോകം നേരിടുമ്പോൾ എന്തോർത്ത് സന്തോഷിക്കാൻ എന്നൊരു ചോദ്യം ചിലപ്പോൾ വന്നേക്കാം. എന്നിരുന്നാലും ഈ ലോക സന്തോഷദിനത്തിൽ മനുഷ്യരാശിക്ക് പ്രതീക്ഷിക്കാനും സന്തോഷിക്കാനും ഉള്ള ചില നിമിഷങ്ങളും ഈ കൊറോണ ദിനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ നിന്നും ലോകമെങ്ങും പടർന്ന മഹാമാരി പിന്നീട് ലോകമെങ്ങും പടർന്നുവെങ്കിലും മനുഷ്യന്റെ ഇഛാശക്തിക്ക് മുൻപിൽ രോഗം തലകുനിക്കുന്ന കാഴ്ച്ചക്കും ഈ കഴിഞ്ഞ മാസങ്ങൾ സാക്ഷിയായി.ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകരുടെ ചിഹ്നങ്ങളായി തന്നെ അവ മാറി. കോവിഡ് രോഗികൾക്കായി പണികഴിപ്പിച്ച ചൈനയിലെ താൽക്കാലിക ആശുപത്രിയിൽ നിന്ന് അവസാന രോഗിയും മടങ്ങിയപ്പോൾ ഒഴിഞ്ഞ ബെഡ്ഡുകളിലൊന്നിൽ വിശ്രമിക്കുന്ന ഡോക്ടറുടെ ചിത്രമാണ് ഇത്തരത്തിൽ ലോകമെങ്ങും വൈറലായ ചിത്രം.
അവസാന രോഗിയും ഒഴിഞ്ഞുപോയതിന് ശേഷം ഒഴിഞ്ഞ ബെഡ്ഡുകളിലൊന്നിൽ വിശ്രമിക്കുന്ന ഡോക്ടറുടെ ചിത്രം ലോകമെങ്ങുമുള്ള ഡോക്‌ടർമാരുടെ പ്രതീകമായി മാറി. സമാനമായി തന്നെ രോഗം നിയന്ത്രണത്തിലായതിന് ശേഷം ഹെഡ് ഗിയറുകളും മാസ്‌കുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയവരുടെ മുഖങ്ങളും ചൈന പുറത്തുവിട്ടു. ദിവസങ്ങളോളം മാസ്‌ക് ഉപയോഗിച്ചതിന്റെ പാടുകൾ ആ മുഖങ്ങളിൽ ഉണ്ടായിരുന്നു. അതിജീവനത്തിന്റെയും പ്രതീക്ഷയുടേയും ആശ്വാസത്തിന്റെയും പാടുകൾ അതിലുണ്ടായിരുന്നു. ഒപ്പം സന്തോഷഭരിതമായ നാളെയുടെ ചിത്രവും. ഇത്തരത്തിലാണ് ഓരോ ദുരന്തങ്ങൾക്കിടയിലും മനുഷ്യൻ പ്രതീക്ഷയും സന്തോഷവും ആശ്വാസവും കണ്ടെത്തുന്നത്.ഇറ്റലിയിൽ ബാൽക്കണിയിൽ ഇരുന്ന് ജനങ്ങൾ ഒരേ സ്വരത്തിൽ ഗാനങ്ങൾ ആലപിച്ചതും ഈ ദുരിതപൂർണമായ സമയത്താണ്. ദുഖങ്ങളിലും സന്തോഷത്തിന്റെ ഒരു നേരിയ വെളിച്ചം തിരയുന്നവരാണ് നമ്മൾ.അത് തുടർന്നുകൊണ്ട് പൊകാനും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷകളാവാനും തന്നെയാണ് ഈ സന്തോഷ ദിനവും നമ്മോട് പറയുന്നത്.