ഫ്രിഡ്ജ് നമ്മുടെ വീട്ടിലെ ഒരംഗമാണ്, അതിനെ വേദനിപ്പിക്കരുത്!
ശനി, 3 ജൂണ്‍ 2017 (20:36 IST)
ആധുനിക അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായ ഫ്രിഡ്ജ് ഏറെ വിലനല്‍കി വാങ്ങുന്നതാണ്. ഫ്രിഡ്ജ് സംരക്ഷിക്കാന്‍ പലരും അല്‍പം പോലും സമയം ചെലവഴിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അല്‍പം മനസ്സുവച്ചാല്‍ ഫ്രിഡ്ജ് ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ചില മാര്‍ഗ്ഗങ്ങളിതാ.
ഫ്രിഡ്ജ് അരമിനുട്ടില്‍ കൂടുതല്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. കൂടുതല്‍ സമയം തുറന്നു വയ്ക്കുമ്പോള്‍ ഫ്രിഡ്ജിലെ ശീതോഷ്ണ സ്ഥിതിയില്‍ മാറ്റം വരുന്നതിനാല്‍ തണുപ്പ് വീണ്ടെടുക്കാന്‍ കംപ്രസ്സറിന് വീണ്ടും പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇത് ഫ്രിഡ്ജിന്‍റെ കാലാവധി കുറയ്ക്കും.
ഫ്രിഡ്ജിന്‍റെ അകത്തുള്ള കാസ്ക്കറ്റില്‍ അല്‍പം ടാല്‍ക്കം പൗഡര്‍ തൂകിയാല്‍ കാസ്ക്കറ്റ് കറുക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്ന വ്യത്യസ്ത സാധനങ്ങള്‍ പ്രത്യേകം പ്രത്യേകം കവറിലിട്ടുവച്ചാല്‍ ഒന്നിന്‍റെ ഗന്ധം മറ്റൊന്നില്‍ കലരുന്നത് ഒഴിവാക്കാന്‍ കഴിയും. പച്ചക്കറികള്‍ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
മാസത്തിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കരുത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ കീടാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയൊന്നും ഫ്രിഡ്ജിനില്ല. മത്സ്യ മാംസാദികള്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ചാല്‍ സ്റ്റെഫി കോക്കസ് ഔറസ് ബാക്ടീരിയ ഉണ്ടാവുകയും അത് ഭക്ഷണത്തെ വിഷമയമാക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്‍ഷ്യവസ്തുക്കള്‍ മൂടിവച്ചാല്‍ രോഗാണു വ്യാപനം തടയാം.
ഐസ് ട്രേകള്‍ കഴുകുവാന്‍ തിളച്ചവെള്ളം ഉപയോഗിക്കരുത്. ഇത് ഐസ് ട്രേയില്‍ പോറലും വിള്ളലും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം. ഐസ് ട്രേകള്‍ ഫ്രിഡ്ജില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അടിയില്‍ കോര്‍ക്കുകള്‍ വയ്ക്കുക. ഐസ്ട്രേകള്‍ പെട്ടെന്ന് ഇളകിപ്പോരാന്‍ അടിയില്‍ അല്‍പം എണ്ണ തേച്ച് ഫ്രീസറില്‍ വയ്ക്കുക.
ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് ബേക്കിംഗ് സോഡ തുറന്ന പാത്രത്തിലോ മറ്റോ ഇട്ട് ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രിഡ്ജിന്‍റെ പിന്‍വശത്തെ കൂളര്‍ കുഴലുകള്‍ക്ക് വായുസഞ്ചാരം കിട്ടാന്‍ ചുമരില്‍ നിന്നും 20 സെമീ മാറ്റി ഫ്രിഡ്ജ് സ്ഥാപിക്കുക.