പ്രമേഹം, രക്തസമ്മർദ്ദം, തൈറോയിഡ് എന്നിവയ്ക്ക് പതിവായി മരുന്നു കഴിക്കുന്നുണ്ടെങ്കിൽ നാരങ്ങാവെള്ളം ശീലമാക്കരുത്. ഇനി അത് ഇല്ലാതെ പറ്റില്ലെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശത്തിനു ശേഷം മാത്രം കുടിക്കുക. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണത്തേക്കാൾ അധികം ദോഷം ചെയ്യും. നാരങ്ങാ നീരിന്റെ ഉയർന്ന അളവിലുള്ള അസിഡിറ്റി ആണ് ഇതിനു കാരണം. പതിവായി നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും. പല്ലിന്റെ ഇനാമലിനെ നശിപ്പിക്കാനും നാരങ്ങാ നീരിന് കഴിവുണ്ട്.
ചിലർക്ക് പതിവായി നാരങ്ങാവെള്ളം കുടിച്ചാൽ നെഞ്ചരിച്ചിൽ ഉണ്ടാകും. വയറു വീർക്കലിനും ഇത് കാരണമായേക്കാം. ചില മരുന്നുകളുടെ ശക്തി കുറയ്ക്കാൻ പോലും നാരങ്ങാ നീരിന് സാധിക്കും. ഇത്തരം അപകട സാധ്യതകളെ അവഗണിച്ചാണ് പലരും നാരങ്ങാ വെള്ളം എന്നും കുടിക്കുന്നത്. ഭക്ഷണത്തിനു മുമ്പ് നാരങ്ങ വെള്ളം കുടിക്കുന്നത് വയറുവേദന, വയറു വീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും.
വെറും വയറ്റിൽ നാരങ്ങാ വെള്ളം പതിവാക്കിയ ചില ആളുകളിൽ ഛർദ്ദി, മലബന്ധം, വയറിളക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. നാരങ്ങാ വെള്ളത്തിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പല്ലിന്റെ ഇനാമലിന്റെ പ്രധാന വില്ലനാണ് സിട്രിക് ആസിഡ്. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് പല്ലുകളെ കൂടുതൽ സെൻസിറ്റീവ് ആക്കും.