ചെലവു കുറച്ച് വീട് സുന്ദരമാക്കാം

Webdunia
SasiWD
മനോഹരമായ ഒരു വീട് ഏതൊരു മലയാളിയുടേയും സ്വപ്നമാണ്. ഈ സ്വപ്ന വീട് യാഥാര്‍ത്ഥ്യമാവുമ്പോള്‍ കൂടുതല്‍ സുന്ദരവും സൌകര്യപ്രദവുമാവാന്‍ വീട്ടുപകരണങ്ങള്‍ നല്ല രീതിയില്‍ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനു വേണ്ടി സമ്പാദ്യമെല്ലാം ചെലവഴിക്കുന്നത് കുറച്ചു കടന്ന കൈയ്യല്ലെ.

വീടിന്‍റെ അകത്തളം സുന്ദരമാക്കാന്‍ വന്‍ വേതനം പറ്റുന്ന ഇന്‍റീരിയര്‍ ഡിസൈനറെ വിളിക്കേണ്ട ആവശ്യമൊന്നുമില്ല. കുറച്ച് ഭാവനയും പ്രായോഗിക ബുദ്ധിയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ വീടിനെ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റാനാവും. മാസികകളില്‍ നിന്നും മറ്റും കിട്ടുന്ന വിവരങ്ങളും നിങ്ങളുടെ ആശയങ്ങളും സംയോജിപ്പിച്ച് വീടിന്‍റെ അകത്തളം നിങ്ങള്‍ക്ക് മോടിപിടിപ്പിക്കാം.

കസേര, കട്ടില്‍, സെറ്റികള്‍ തുടങ്ങിയവയ്ക്കാണ് ഏറ്റവും അധികം വില വരിക. അതുകൊണ്ട് തന്നെ ഇവ തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. എല്ലാം പുത്തന്‍ തന്നെ വേണമെന്ന വാ‍ശിയുണ്ടെങ്കില്‍ അത് തത്ക്കാലം മാറ്റിവയ്ക്കുക. പഴയ ഗൃഹോപകരണങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വില കുറഞ്ഞതും എന്നാല്‍ ഭംഗിയും ഗുണവുമുള്ളതായവ നിങ്ങള്‍ക്ക് വാങ്ങാനാവും.

മൊത്തവ്യാപാര സ്ഥാപനങ്ങള്‍, താമസം മാറി പോകുന്നവര്‍ തുടങ്ങിയവരില്‍ നിന്നുമെല്ലാം നല്ല ഗൃഹോപകരങ്ങള്‍ വില കുറച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും. വീടിന്‍റെ അകത്തളം എങ്ങനെ ക്രമീകരിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന കാര്യമാണ്.

നിങ്ങള്‍ക്ക് വളരെ യോജിച്ചതും സൌകര്യപ്രദവുമായ രീതിയിലാവണം ഈ സജ്ജീകരണം. അതിന് വിലകൂടിയ ഫര്‍ണിച്ചറുകള്‍ തന്നെ വേണമൊന്നുമില്ല. നിങ്ങളുടെ ഭാവനയും ക്രിയാത്മകതയും പരിശ്രമവും ഉണ്ടെങ്കില്‍ ചെലവുകുറഞ്ഞ രീതിയില്‍ അഴകുള്ളതും സൌകര്യപ്രദവുമായ അകത്തളം നിങ്ങള്‍ക്ക് സ്വയം സജ്ജീകരിക്കാം.