നമ്മളെല്ലാവരും ഏറെയിഷ്ടപ്പെടുന്ന ബാസ്ക്കറ്റ്ബോള്‍ എന്ന കായികരൂപത്തിന്റെ കണ്ടു പിടിത്തത്തിന്2007 ല്‍ 115 വര്‍ഷം തികയുന്നു. 1891 ഡിസംബര്‍ 21ന് കനേഡിയക്കാരനായ ഡോ. ജയിംസ് നൈസ്മിത്താണ് ഈ കളി ആവിഷ്ക്കരിച്ചത്.
മസാച്ചുസെറ്റ്സിലെയും സ്പ്രിംഗ്ഫീല്ഡിലെയും യംഗ് മെന്‍സ് അസോസിയേഷന്റെ കോളജിലെ അധ്യാപകനായിരുന്നു ജയിംസ് നൈസ്മിത്ത്. .യുവാക്കളുടെ ചുറുചുറുപ്പും പ്രസരിപ്പും ശൈത്യകാലത്ത് നഷ്ടമാകാതിരിക്കാനാണ് ഈ കളി ആരംഭിച്ചത്.
ജയിംസ് തന്നെ ബാസ്ക്കറ്റ്ബോളിനുള്ള നിയമങ്ങളും ഉണ്ടാക്കി. പുതിയ കളിയുടെ വക്താക്കള്‍ പ്രധാനമായും അദ്ദേഹത്തിന്റെ ശിഷ്യന്മാര് തന്നെയായിരുന്നു. 1892 ജനുവരി 20നാണ് ഔദ്യോഗികമായി ആദ്യ ബാസ്ക്കറ്റ്ബോള്‍ മത്സരം കളിയ്ക്കുന്നത്. പുതിയ കളിക്ക് ബാസ്ക്കറ്റ്ബോള്‍ എന്ന പേര് നിര്‍ദേശിച്ചത് ജയിംസിന്റെ ഒരു ശിഷ്യനാണ്.
തുടക്കത്തില്‍ വൈ.എം.സി.എ ആയിരുന്നു ഈ പുതിയ കളിയെ പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാല്‍ കുറച്ചു കാലത്തിന് ശേഷം വൈ.എം.സി.എ കളിയിലുള്ള താത്പര്യം മാറ്റി വച്ചു. കായിക സംഘടനകളും ക്ളബുകളും കോളജുകളും ഒക്കെയാണ് ഈ കളിയെ പിന്നീട് വളര്‍ത്തിയത്.
കോളജുകളിലും യൂണിവേഴ്സിറ്റികളിലും ജയിംസ് തന്നെയാണ് ബാസ്ക്കറ്റ് ബോളിനെ പ്രചരിപ്പിച്ചത്. ബാസ്ക്കറ്റ്ബോള്‍ എന്ന കായികരൂപത്തിനെ ഗൗരവമായി കോളജ് കായിക വിഭാഗങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 1938ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ടൂര്‍ണമെന്റോട് കൂടി ബാസ്ക്കറ്റ്ബോള്‍ എന്ന കളിക്ക് വളരെയധികം ആരാധകരും അസോസിയേഷനുകളും ഉണ്ടായി.
1920ല്‍ അനേകം ബാസ്ക്കറ്റ്ബോള്‍ ടീമുകളും കളിക്കാരും അമേരിക്കന്‍ ഐക്യനാടുകളില്‍ വളര്‍ന്നു വന്നു. കളിയുടെ പ്രസിദ്ധി വര്‍ദ്ധിച്ചു.
അതിന്റെ ഫലമായി 1946ന് ദേശീയ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന് അമേരിക്കയില്‍ രൂപമെടുത്തു. കഴിവുള്ള നിരവധി കളിക്കാരെ കണ്ടെത്തുന്നതില്‍ അസോസിയേഷന് വിജയിച്ചു. ജോര്‍ജ് മൈക്കണ്‍, ബോബ് കൗസി എന്നിവര്‍ അവരില്‍ പ്രസിദ്ധരാണ്.
ബാസ്ക്കറ്റ് ബോള്‍ ഒളിംപിക്സില്‍ സ്ഥാനം പിടിക്കുന്നത് 1936ലാണ്. അമേരിക്കയായിരുന്നു ഒളിംപിക്സിലെ സ്ഥിരം ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്മാര്. എന്നാല്‍ 1972ല്‍ സോവിയറ്റ് യൂണിയന് അമേരിക്കയെ തോല്‍പ്പിച്ചു. ബാസ്ക്കറ്റ്ബോള്‍ രംഗത്തെ സര്‍വ്വാധിപത്യം അവിടെ നഷ്ടപ്പെട്ടു.
1976ലാണ് വനിതാ ബാസ്ക്കറ്റ്ബോള്‍ ടീമുകള്‍ ഒളിംപിക്സില്‍ മത്സരിക്കുന്നത്. 1997ല്‍ വനിതാ ബാസ്ക്കറ്റ് ബോള്‍ അസ്സോസിയേഷന് അമേരിക്കയില്‍ ആരംഭിച്ചു.
അതിനു ശേഷമുള്ള ഒളിംപിക്സുകളിലെല്ലാം ബാസ്ക്കറ്റ്ബോളിന് ആരാധകരേറെയുണ്ടായിരുന്നു. ഇപ്പോഴും മൈക്കല്‍ ജോണ്സണെപ്പോലെയുള്ള ബാസ്ക്കറ്റ് ബോള്‍ രംഗത്തെ പ്രമുഖരെ നാം ആരാധിക്കുന്നു. ബാസ്ക്കറ്റ്ബോള്‍ എന്ന കളി വളരുമ്പോള്‍ ഈ കളിയ്ക്ക് ജന്മം നല്കിയ ജയിംസ് നൈസ്മിത്തിനെ നമുക്ക് മറക്കാതിരിക്കാം.