തമിഴ്നാട്ടില്‍ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ ഉയര്‍ത്തി

ശനി, 15 ഓഗസ്റ്റ് 2009 (16:39 IST)
തമിഴ്നാട്ടില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതിമാസ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടെ മുഖ്യമന്ത്രി എം കരുണാനിധിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമാസ പെന്‍ഷന്‍ 4000 രൂപയില്‍ നിന്ന് 5000 രൂപയായും സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 2500 രൂപയായും ആണ് ഉയര്‍ത്തിയത്.

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കരുണാനിധി സെന്റ് ജോര്‍ജ്ജ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. തന്റെ രാഷ്ട്രീയ ജീവതത്തില്‍ പതിമൂന്നാം തവണയാണ് കരുണാനിധി ഇവിടെ പതാക ഉയര്‍ത്തുന്നത്.

പതാക ഉയര്‍ത്തിയ ശേഷം തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് കരുണാനിധി വിശദീകരിച്ചു. പാവപ്പെട്ടവര്‍ക്ക് ഒരു കിലോ അരി ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതും കളര്‍ ടെലിവിഷനുകള്‍ സൌജന്യമായി വിതരണം ചെയ്യാന്‍ സാധിച്ചതും നേട്ടമായി അദ്ദേഹം എടുത്തുകാട്ടി.

കര്‍ണാടകയില്‍ തമിഴ് കവി തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദനം ചെയ്തതും തമിഴ്നാട്ടില്‍ കന്നഡ കവി സര്‍വജന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതും ഇരു സംസ്ഥാനങ്ങളുടെയും പരസ്പര സഹകരണത്തിലുള്ള വഴിത്തിരിവാണെന്നും അതിനാല്‍ ഈ സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രത്യേകത ഏറുന്നു എന്നും കരുണാനിധി പറഞ്ഞു.

വെബ്ദുനിയ വായിക്കുക