മേളയില്‍ ഗൌരവ സമീപനം: മനോജ്

WD
യുവപ്രേക്ഷകരുടെ സാന്നിധ്യവും സിനിമയോടുള്ള ഗൗരവപൂര്‍വ്വമുള്ള സമീപനവുമാണ്‌ പന്ത്രണ്ടാമത്‌ ചലച്ചിത്രമേളയുടെ പ്രത്യേകതയെന്ന്‌ മാധ്യമപ്രവര്‍ത്തകനായ മനോജ്‌ പുതിയവിള.

ചലച്ചിത്രമേളക്ക്‌ ബുദ്ധിജീവികളുടെ വാര്‍ഷിക കൂട്ടായ്മ എന്നൊരു വിളിപ്പേര്‌ വീണിട്ടുണ്ടെങ്കിലും ഈ സ്വഭാവത്തില്‍ നിന്നും മേള ക്രമേണ മാറുന്നതാണ്‌ കഴിഞ്ഞ മേളകളിലെ പ്രധാന സവിശേഷതയെന്ന്‌ ചലച്ചിത്രമേളകളിലെ സ്ഥിരം സാന്നിധ്യമായ പുതിയവിള നിരീക്ഷിക്കുന്നു. കൈരളി തിയേറ്ററിന്‌ പുറത്തിരുന്ന്‌ സിനിമയെ കുറിച്ച്‌ വാചാലരാകുന്നവരുടെ സംഘം കേരളത്തിന്‍റെ ആദ്യ മേളകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ഓപ്പണ്‍ ഫോറങ്ങള്‍ കലാപവേദികളായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ തുടങ്ങുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പേ തിയേറ്ററിനുള്ളില്‍ പ്രേക്ഷകര്‍ കയറി കാത്തിരിക്കുന്നതാണ്‌ പുതിയ കാഴ്ച.

എല്ലാ സിനിമയും കാണണമെന്ന്‌ അത്യാഗ്രഹപൂര്‍വ്വമായ ഒരു സമീപനം പ്രേക്ഷകരില്‍ ഉണ്ടായിരിക്കുന്നത്‌ നല്ല മാറ്റമാണ്‌. എന്നാല്‍ ചലച്ചിത്രമേളകളില്‍ സിനിമ കാണുന്നതിന്‌ ഒപ്പം പരസ്പരം ആശയകൈമാറ്റവും പ്രധാനമാണ്‌.കണ്ട സിനമയെ കുറിച്ച്‌ പരസ്പരം സംസാരിക്കുമ്പോള്‍ ഒരോരുത്തരും സിനിമ കണ്ട പുതിയ രീതി വെളിപ്പെടാറുണ്ട്‌. എന്തായാലും ചലച്ചിത്രമേളകളിലെ പ്രധാന ദൗത്യം സിനിമ കാണുക എന്നത്‌ തന്നെയാണ്‌.

കേരളത്തിന്‍റെ മുക്കിലും മൂലയിലുമുള്ള മാധ്യമപഠന വിദ്യാര്‍ത്ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മേളയെ സമീപിച്ചതും പുതിയ അനുഭവമായി. ഒരേ വിഷയങ്ങള്‍ പല സംവിധായകര്‍ ചിത്രീകരിച്ച ആന്തോളജി പാക്കേജ്‌ കാണാന്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളാണ്‌ പ്രധാനമായും എത്തിയത്‌.

ക്ലാസിക്‌ സിനിമകള്‍ കാണാനും വിദ്യാര്‍ത്ഥികള്‍ സമയം കണ്ടെത്തിയത്‌ സിനിമയൊടുള്ള അവരുടെ സമീപനം ഗൗരവമുള്ളതാണെന്ന്‌ വെളിവാക്കുന്നു.

ചലച്ചിത്രമേളയില്‍ കാണുന്ന ചിത്രങ്ങളൊന്നും നിരാശപ്പെടുത്തുന്നില്ല എന്നതാണ്‌ വാസ്തവം. പുതിയ കഥപറച്ചില്‍ രീതി, പുതിയ ക്രാഫ്ട്‌, പുതിയ പശ്ചാത്തലം എല്ലാം പരിചയപ്പെടാനുള്ള അവസരമാണ്‌ മേളകള്‍, ഒരു സിനിമ നന്നായില്ല, അല്ലെങ്കില്‍ മേളയുടെ നിലവാരം കുറഞ്ഞു പോയി എന്ന്‌ പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരോ ചിത്രവും ഓരോ രാജ്യങ്ങളിലെ സംസ്കാരിങ്ങളിലേക്കും ഉപസംസ്കാരങ്ങളിലേക്കും തുറന്നുവച്ച വാതിലുകളാണ്‌. ആ ആര്‍ത്ഥത്തില്‍ കേരളത്തിന്‍റെ പന്ത്രണ്ടാം ചലച്ചിത്രമേളയും സാര്‍ത്ഥകമാകുന്നു എന്ന്‌ മനോജ്‌ പുതിയവിള ചൂണ്ടികാട്ടുന്നു

വെബ്ദുനിയ വായിക്കുക