കാലുവേദനയെ സൂക്ഷിക്കണം, അത് പലതിന്റെയും ലക്ഷണമാകാം

വെള്ളി, 22 മാര്‍ച്ച് 2019 (21:47 IST)
കാലുവേദന ഒരു വലിയ പ്രശ്നമാണ് മധ്യവയസ്കരുടെ ഇടയിൽ. മധ്യവയസ്കരുടെ മാത്രമല്ല, മുപ്പത് വയസാകുമ്പൊഴേ സ്ത്രീപുരുഷ ഭേദമന്യേ കാലുവേദനയ്ക്ക് ഇരയാകുകയാണ് പലരും. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാലുവേദനയ്ക്കു കാരണങ്ങളാണ്. 
 
സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍ക്കെട്ട്, നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനയ്ക്കു കാരണമാകും. 
 
അമിതഭാരമുള്ളവര്‍ക്ക് കാലുവേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. ഒരു ഡയറ്റീഷ്യനുമായി ചര്‍ച്ച ചെയ്തതിനു ശേഷം തടികുറയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക. വാതരോഗങ്ങള്‍ക്ക് യഥാകാലം തന്നെ ചികിത്സ തേടണം. യൂറിക് ആസിഡ് കൂടുതലാകുന്നതുകൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. 
 
പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്‍റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം. 
 
ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. കാലുവേദനയുള്ളവര്‍ക്കായി മൈക്രോ സെല്ലുലാര്‍ റബ്ബര്‍ കൊണ്ടുനിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ഫാഷനും ഭംഗിയും മാത്രം നോക്കി ചെരുപ്പുവാങ്ങരുത്. അതു ധരിക്കുമ്പോള്‍ പാദങ്ങള്‍ക്ക് സുഖകരമാണോ എന്നതാണ് പ്രധാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍