ഡയറ്റ് മുതല്‍ ഡാറ്റ വരെ: പ്രമേഹ നിയന്ത്രണം എളുപ്പമാക്കി പുത്തന്‍ സാങ്കേതിക വിദ്യകള്‍

രേണുക വേണു

വെള്ളി, 15 ഓഗസ്റ്റ് 2025 (17:36 IST)
പിസ, ബര്‍ഗര്‍, ഡെസേര്‍ട്ട് എന്നിവയാണോ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങള്‍? ഇവയൊക്കെ ആരോഗ്യഭക്ഷണങ്ങളായി മാറുന്ന മനോഹരമായ ലോകത്തെപറ്റി നമുക്കൊന്ന് സ്വപ്നം കണ്ടാലോ? പക്ഷേ ആ സ്വപ്നം യാഥാര്‍ഥ്യമാവുന്നതു വരെ, അതായത് ചീസ് നിറഞ്ഞ പിസ, വേവിച്ച ബ്രോക്കോളി പോലെ ആരോഗ്യകരമാകുന്ന കാലം വരുംവരെ പ്രമേഹം നിയന്ത്രിക്കുന്നവര്‍, തങ്ങളുടെ മുന്നിലെത്തുന്ന ഭക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കേണ്ടത് വളരെ അനിവാര്യമാണ്.
 
പ്രമേഹരോഗികള്‍ക്കായുള്ള പോഷകാഹാര നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകില്ല. ഒരു വ്യക്തിയുടെ ചുറ്റുപാടിനും അവരുടെ സംസ്‌കാരത്തിനും അനുയോജ്യമായ രീതിയില്‍ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗരേഖകളില്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു ബൗള്‍ ചോറ് അല്ലെങ്കില്‍ ഒരു പാക്കറ്റ് ചിപ്‌സ് അങ്ങനെയെന്തു ഭക്ഷണവുമാകട്ടെ ഇവയൊക്കെ ഓരോരുത്തരുടെയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ കൃത്യവും വിശ്വാസ്യതയുമുള്ള വിവരങ്ങള്‍  തത്സമയം തിരിച്ചറിയാന്‍ നമുക്ക് സാധ്യമാകുന്നു .
 
പഴയരീതിയിലുള്ള വിരലില്‍ സൂചികുത്തുന്ന പരിശോധനകളെയും ഇടയ്ക്കിടെയുള്ള HbA1c ടെസ്റ്റുകളെയും ഒഴിവാക്കി കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണങ്ങള്‍ വഴി ഓരോ മിനിറ്റിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി ഫോണില്‍ അറിയാന്‍ സാധിക്കും. ഇടയ്ക്കിടെ സ്‌കാന്‍ ചെയ്യാതെ തന്നെ നിശ്ചിത ഇടവേളകളില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഗ്ലൂക്കോസ് നില ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്യുന്ന സാഹചര്യം മുന്‍കൂട്ടി അറിയിക്കാന്‍ അലാറം ക്രമീകരിക്കാന്‍ സാധിക്കും. ഇതുവഴി, അപകടനില മുന്‍കൂട്ടി കണ്ട് വേണ്ട മുന്‍കരുതലെടുക്കാനും  കഴിയും.
 
'വേഗത്തില്‍ ദഹിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില അതിവേഗം ഉയരുന്നതിന് കാരണമാകും. കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ് അളവ് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഫുഡ്-ട്രാക്കിംഗ് ആപ്പുകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പ്രമേഹ രോഗികളുടെ ദൈനംദിന ഭക്ഷണ ക്രമങ്ങളും ജീവിത രീതികളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു,' എന്‍ഡോഡിയാബ് സെന്റര്‍, കേരള, കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റും മാനേജിംഗ് ഡയറക്ടറുമായ ഡോ.അനീഷ് അഹമ്മദ് പറഞ്ഞു. മഴ, മറ്റ് അസുഖങ്ങള്‍, ദൈനംദിന ജീവിതത്തിലെ മറ്റു തിരക്കുകള്‍ എന്നീ പ്രതികൂല സാഹചര്യങ്ങളാല്‍ ഡോക്ടറെ കാണാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഈ ഉപകരണങ്ങള്‍ വഴി രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ഡോക്ടര്‍മാരുമായോ കെയര്‍ഗിവര്‍മാരുമായോ എളുപ്പത്തില്‍ പങ്കുവയ്ക്കുവാനും രോഗികളെ സഹായിക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സ്മാര്‍ട്ട് ടെക്‌നോളജിയും ശ്രദ്ധാപൂര്‍വ്വമായ പോഷകാഹാരവും ചേര്‍ന്നാല്‍ പ്രമേഹനിയന്ത്രണം എളുപ്പമാകും. CGM ഉപകരണങ്ങള്‍ ഗ്ലൂക്കോസിന്റെ അളവ് അതാത് സമയം അറിയിക്കുന്നതിനാല്‍ ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍, ഇഷ്ടപ്പെട്ട ഒരു റെസിപ്പിയില്‍ മാറ്റം വരുത്തുമ്പോള്‍, യാത്രയ്ക്കിടെ ഒരു സ്നാക്ക് തെരഞ്ഞെടുക്കുമ്പോള്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും കൂടുതല്‍ നിയന്ത്രണം നേടാന്‍ സഹായിക്കുന്നു, അബോട്ടിന്റെ സൗത്ത് ഏഷ്യ മെഡിക്കല്‍ അഫയേഴ്‌സ് ഹെഡായ ഡോ. വിവേക് അയ്യര്‍ അഭിപ്രായപ്പെട്ടു.
 
ഭക്ഷണക്രമം മെച്ചപ്പെടുത്താന്‍ അഞ്ച് എളുപ്പമാര്‍ഗങ്ങള്‍
 
കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രണം: ഓരോ വിഭവത്തിലും അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ഒരു ഗുലാബ് ജാമുനില്‍ ഏകദേശം 25-30 ഗ്രാം കാര്‍ബ്‌സ് ഉണ്ടാകും, അതിന്റെ ഭൂരിഭാഗവും പഞ്ചസാരയില്‍ നിന്നാണ്. എന്നാല്‍ ഇത് എന്തിനൊപ്പമാണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട് കാരണം പ്രോട്ടീന്റെ കൂടെ കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് അളവ് ഉയരുന്നത് താരതമ്യേന കുറവാണ്. അതുപോലെ തന്നെ സോസ് പോലെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവും വളരെ വലുതാണ്.
 
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക: മധുരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല, കോക്കനട്ട് പാം ഷുഗര്‍ പോലുള്ള കുറഞ്ഞ GI ഓപ്ഷന്‍ തെരഞ്ഞെടുക്കാം, അതും നിയന്ത്രിതമായി മാത്രം ഉപയോഗിക്കണം. അതിനു മുമ്പ്, നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണം നിരീക്ഷിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശം വാങ്ങുകയും വേണം.
 
ടെക്‌നോളജിയുടെ സഹായം തേടുക: CGM ഉപകരണങ്ങള്‍ ഉപയോഗിക്കുക. അതുവഴി ഗ്ലൂക്കോസ് റീഡിംഗുകളും അലേര്‍ട്ടുകളും ലഭ്യമാകുന്നതിലൂടെ പ്രമേഹ നിയന്ത്രണം എളുപ്പമാകും. കൂടാതെ  നേരിട്ട് ക്ലിനിക്കില്‍ പോകാന്‍ സാധിക്കാത്തപ്പോള്‍ ഡോക്ടര്‍മാരുമായും കെയര്‍ഗിവര്‍മാരുമായും വിവരങ്ങള്‍ എളുപ്പത്തില്‍ പങ്കുവയ്ക്കാനുമാകും.
 
പോഷകാംശമുള്ള സ്നാക്‌സുകള്‍: പ്രമേഹമുള്ളവര്‍ സ്നാക്കുകള്‍ ഒഴിവാക്കേണ്ടതില്ല മറിച്ച് ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കുക. പഴങ്ങള്‍, വേവിച്ച പച്ചക്കറികള്‍, പുഴുങ്ങിയ മുട്ട, ലൈറ്റ് പോപ്കോണ്‍, പീനട്ട് ബട്ടറും പഴവും ചേര്‍ന്ന കോംബോ തുടങ്ങിയ പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍ സ്‌നാക്കുകളില്‍ ഉള്‍പ്പെടുത്തുക, അളവ് ശ്രദ്ധിക്കുകയും വേണം. 
 
പുറത്തുനിന്നുള്ള ഭക്ഷണം ശ്രദ്ധാപൂര്‍വ്വം മാത്രം: ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക. കാരണം വലിയ കാര്‍ബോഹൈഡ്രേറ്റാണ് അത്തരം ഭക്ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിന് വലിയൊരു വെല്ലുവിളിയാണ്. അതുകൊണ്ട് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ മെനു കൃത്യമായി പരിശോധിച്ച് പഞ്ചസാര ചേര്‍ക്കാത്ത, പോഷകാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക. പച്ചക്കറികള്‍, സാലഡ് പോലെയുള്ളവ ഉള്‍പ്പെടുത്തുക.
 
ഈ നിര്‍ദ്ദേശങ്ങളോടൊപ്പം, പ്രമേഹമുള്ളവര്‍ അവരുടെ ഭക്ഷണശീലങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണം. അളവ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്താല്‍ കൃത്യസമയത്ത് വേണ്ട കരുതലുകളെടുക്കുകയും ചെയ്യുക, ഇത് പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍