ഇതുപോലെ എത്രയെത്ര സിനിമകൾ? ഇനി ഒരു സിനിമയ്ക്കും ഉണ്ടാകാതിരിക്കട്ടെ ഈ വിധി!

Webdunia
ശനി, 4 മാര്‍ച്ച് 2017 (10:01 IST)
സിനിമ ഒരാളുടെ മാത്രം അധ്വാനമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്റേയും വിയർപ്പിന്റേയും ഫലമാണ്. എല്ലാ പ്രവർത്തനങ്ങളും കഴിഞ്ഞതിനു ശേഷവും ചിത്രം വെളിച്ചം കാണാതിരിക്കുമ്പോഴുള്ള സംവിധായകന്റേയും നിർമാതാവിന്റേയും മറ്റു പലരുടെയും അവസ്ഥ അക്കു അക്ബർ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ വെ‌ള്ളരിപ്രാവിന്റെ ചങ്ങാതികൾ എന്ന സിനിമയിലൂടെ നമ്മ‌ൾ കണ്ടതാണ്.
 
ചിത്രീകരണം പൂർത്തിയാക്കിയ പടം വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്യുന്നതാണ് കഥ. ഇപ്പോഴിതാ അതേ അനുഭവമാണ് ‘ദ നൈറ്റ്സ് ഓഫ് സായെന്‍ദേഹ് റൂഡ്’ എന്ന ചിത്രത്തിനും ഉണ്ടായിരിക്കുന്നത്. എല്ലാ പരിപാടിയും കഴിഞ്ഞ ഈ ചിത്രം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ 26 വര്‍ഷം കാത്തിരിക്കേണ്ടി വന്നു!.
 
ഇറാനിലെ കിടയറ്റ സംവിധായകരില്‍ ഒരാളായ മുഹ്സിന്‍ മക്മല്‍ബഫിന്റെ ചിത്രമാണ് ‘ദ നൈറ്റ്സ് ഓഫ് സായെന്‍ദേഹ് റൂഡ്’. ഇറാനിലെ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് നിലനില്‍ക്കെയാണ് ചിത്രം ഇതരദേശത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
 
നരവംശ ശാസ്ത്രജ്ഞന്റേയും മകളുടെയും ഇസ്ലാമിക വിപ്ളവത്തിന് മുമ്പും ആ കാലഘട്ടത്തിലും അതിനുശേഷവുമുള്ള ജീവിതത്തിലൂടെ കടന്നുപോവുന്നതാണ് ചിത്രം. 1990ല്‍ ഈ സിനിമയെടുത്തപ്പോള്‍ വധഭീഷണിയടക്കം വന്‍ പ്രതിഷേധമാണ് ഇറാനില്‍ നിന്നും മക്മല്‍ബഫിന് നേരിടേണ്ടിവന്നത്. പിന്നീട് ചിത്രം  ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു. 
 
1990ല്‍ ഇറാനില്‍ നടന്ന ഫജ്ര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കുന്നതിനുമുമ്പ് 100 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍നിന്നും 25 മിനിറ്റു വരുന്ന ഭാഗങ്ങള്‍  സംവിധായകന്റെ അനുമതിയില്ലാതെ സെന്‍സര്‍മാര്‍ കട്ട് ചെയ്യുകയായിരുന്നു. അതിനുശേഷം ഈ ചിത്രം എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല. ശനിയാഴ്ചയാണ് ലണ്ടനില്‍ ഇതിന്റെ ആദ്യ പ്രദര്‍ശനം.
Next Article