ഹാരിപോട്ടര്‍ സര്‍വകാല റെക്കോര്‍ഡിലേക്ക്

ബുധന്‍, 22 ജൂലൈ 2009 (09:46 IST)
PROPRO
ജൂലൈ മൂന്നാം വാരം തീയേറ്ററുകളിലെത്തിയ, ‘ഹാരിപോട്ടര്‍’ പരമ്പരയിലെ ആറാമത്തെ സിനിമയായ ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ ഹാഫ്-ബ്ലഡ് പ്രിന്‍സ്’ എന്ന ചിത്രം കളക്ഷനില്‍ സര്‍‌വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് ഹാരിപോട്ടര്‍ അഞ്ച് ദിവസത്തിനുള്ളില്‍ നേടിയെടുത്തിരിക്കുന്നത് 400 മില്യണ്‍ ഡോളറിനടുത്താണ്!

പരമ്പര (സീരീസ്/സീക്വല്‍) ചിത്രങ്ങളില്‍ ഇതുവരെ ഏറ്റവും കളക്ഷന്‍ ഉണ്ടാക്കിയ സിനിമ സ്പൈഡര്‍‌മാന്‍ മൂന്നാം ഭാഗമായിരുന്നു. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 381.7 മില്യണ്‍ ഡോളറായിരുന്നു സപൈഡര്‍മാന്‍റെ കളക്ഷന്‍. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ 396.7 മില്യണ്‍ നേടിക്കൊണ്ട് ഹാരിപോട്ടര്‍ ഈ റെക്കോര്‍ഡ് തകര്‍ത്തു.

ഹാരിപോട്ടറിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ മാത്രം 104 മില്യണ്‍ ഡോളറാണ്. ഹാരിപോട്ടര്‍ അഞ്ചാമത്തെ സിനിമയായ ‘ഹാരിപോട്ടര്‍ ആന്‍‌ഡ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ്’ എന്ന സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ 44.2 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

പരമ്പര സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ റെക്കോര്‍ഡുള്ളത് ‘ജെയിംസ് ബോണ്ട്’ പരമ്പരയ്ക്കായിരുന്നു. ഹാരിപോട്ടര്‍ ആറാം ചിത്രം ഇറങ്ങിയതോടെ ഈ റെക്കോര്‍ഡും തകര്‍ന്നിരിക്കുകയാണ്.

‘ഹാരിപോട്ടര്‍ ആന്‍‌ഡ് ദ ഓര്‍ഡര്‍ ഓഫ് ദ ഫീനിക്സ്’സംവിധാനം ചെയ്ത ഡേവിഡ് യേറ്റ്സ് തന്നെയാണ് പുതിയ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. ഹാരിപോട്ടറായി അഭിനയിക്കുന്നത് പഴയ ‘ഡാനിയല്‍ ജേക്കബ് റാഡ്‌ക്ലിഫ്’ തന്നെ. വാര്‍ണര്‍ ബ്രദേഴ്സാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

സിനിമയുടെ സാധാരണ പ്രിന്റ് മാത്രമാണ് ഇപ്പോള്‍ ലോകമെങ്ങും പ്രദര്‍ശിപ്പിക്കുന്നത്. ജൂലൈ 29 -ന് ഇതിന്റെ ത്രിമാന പ്രിന്റും എത്തുന്നതോടെ കളക്ഷന്‍ ഇരട്ടിക്കും എന്നാണ് കരുതുന്നത്. ഇന്ത്യയിലും ഈ സിനിമ തകര്‍ത്തോടുന്നുണ്ട്.

പരമ്പര (സീരീസ്/സീക്വല്‍) സിനിമകളാണ് ഇപ്പോള്‍ ഹോളിവുഡ് ചാര്‍ട്ടില്‍ മികച്ച് നില്‍‌ക്കുന്നത്. ഹാരിപോട്ടര്‍ സീരീസിലെ അഞ്ചാം സിനിമയാണ് ചാര്‍ട്ടില്‍ ഒന്നാമതുള്ളതെങ്കില്‍ ആനിമേഷന്‍ സിനിമയായ ‘’ഐസ് ഏജി‘ന്റെ മൂന്നാം ഭാഗം രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നു. ‘ട്രാന്‍സ്‌ഫോര്‍മേഴ്സ്’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് മൂന്നാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക