ഹാരിപോട്ടര്‍ക്ക് 17 കോടിയുടെ മാളിക

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2007 (12:53 IST)
WD
കഴിഞ്ഞ ജൂലൈയിലാണ് ഹാരിപോട്ടര്‍ താരം ജോണ്‍ റാഡിക്ലിഫിന് 18 വയസ്സ് തികഞ്ഞത്. സ്വന്തം സ്വത്ത് വിനിയോഗിക്കാനുള്ള അവസരത്തിനായി പ്രായപൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വന്ന ഈ താരം ഒരു മാളിക വാങ്ങി, വില 4.3 മില്യന്‍ ഡോളര്‍( ഏകദേശം 17 കോടി രൂപ) മാത്രം!

ഒരു 13 നില കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് ഹാരിപോട്ടര്‍ താരത്തിന്‍റെ പുതിയ വസതി. 1,843 ചതുരശ്ര അടിയാണ് ഈ രമ്യഹര്‍മ്മ്യത്തിന്‍റെ വിസ്തീര്‍ണ്ണം. പ്രശസ്തനായ ആര്‍ക്കിടെക്ട് ജീന്‍ നോവെല്‍ രൂപകല്‍പ്പന ചെയ്ത ഈ വീട് ആഡംബരത്തിന്‍റെ പര്യായമാണെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

രണ്ട് കിടപ്പ് മുറികളും രണ്ട് ബാത്ത് റൂമുകളും കണ്ണാടി ഭിത്തിയുമുള്ള ഈ മനോഹര സൌധത്തിന് തറമുതല്‍ മേല്‍ക്കൂര വരെയുള്ള ജനാലകളും ഉണ്ട്. ഇതൊക്കെ സാധാരണ കാര്യങ്ങള്‍ ഇനി പ്രത്യേകതകളിലേക്ക് നോക്കാം.

നാല്‍പ്പത് വീടുകളുള്ള സോഹോയിലെ ഈ സമുച്ചയത്തില്‍ നീന്തല്‍ കുളവും സ്റ്റീം റൂമും എന്തിനേറെ അതിഥികള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ ലഭിക്കുന്ന സേവനങ്ങളും തയ്യാറാക്കിയിരിക്കുന്നു. എന്നാല്‍, റാഡിക്ലിഫ് ഇവിടെ താമസിക്കും എന്ന് ഉറപ്പില്ല എന്നാണ് വാര്‍ത്തകള്‍.

ഒരു സമ്പാദ്യമായി കരുതി വാങ്ങിയ ഈ വീട് ഇതിനോടകം തന്നെ വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു എന്നാണ് ഹാരിപോട്ടര്‍ താരത്തിനോട് അടുത്ത ആളുകള്‍ പറയുന്നത്. വാടകയും മോശമല്ല, ഒരു മാസം 20,000 ഡോളര്‍! (8 ലക്ഷത്തോളം രൂപ).

ജെ കെ റൌളിംഗിന്‍റെ ഹാരിപോട്ടര്‍ പുസ്തകങ്ങളെ ആധാരമാക്കി ഇറങ്ങിയ അഞ്ച് സിനിമകളിലും റാഡിക്ലിഫ് അഭിനയിച്ചു.