ലഹരിയുടേയും വിവാദത്തിന്‍റെയും ഇടയില്‍ പെട്ടു പോയ ലിന്‍ഡ്‌സേ ലോഹന്‍ സംഗീതത്തെ മറന്നു തുടങ്ങിയിരുന്നു. ലഹരി വിരുദ്ധ കേന്ദ്രത്തില്‍ മൂന്നാം തവണ പ്രവേശിപ്പിച്ചപ്പോള്‍ തല നേരെയായതോടെ ‘സംഗീതമേ ജീവിതം’ എന്ന നിലയിലായിരിക്കുന്നു താരത്തിന്‍റെ കാര്യം. ലഹരി വിരുദ്ധ കേന്ദ്രത്തില്‍ പാട്ടും പാട്ടെഴുത്തും ആരംഭിച്ചിരിക്കുകയാണ് മുന്‍ പോപ് താരം.
സംഗീതം മറന്നൊരു ജീവിതം ഇനിയില്ലെന്നു തീരുമാനിച്ച ലോഹന്‍ മൂന്നാമത്തെ ആല്‍ബം പുറത്തിറക്കുന്നതിനെ കുറിച്ചും ഗൌരവമായി ചിന്തിച്ചു തുടങ്ങി. യൂണിവേഴ്‌സല്‍ മ്യൂസിക്ക് എക്‍സി ക്യുട്ടീവുകളെ പുതിയ ആല്‍ബം ഇറക്കാനുള്ള ആഗ്രഹം ലോഹന്‍ അറിയിച്ചു കഴിഞ്ഞു.
കാസാബ്ലാങ്കയുടെ പേരില്‍ മൂന്നാമത്തെ ആല്‍ബം ഇറക്കാനായി തലവന്‍ ടോമി മോട്ടോ നേരത്തേ തന്നെ ലിന്‍ഡ്‌സേയെ സമീപിച്ചിരുന്നു.‘സ്പീക്ക്’ എന്ന പേരില്‍ പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ലിന്‍ഡ്‌സേ സിനിമയുടെ തിരക്കുകളില്‍ പെട്ടു പോയതിനാല്‍ നടക്കാതെ വരികയായിരുന്നു.
അതിനു ശേഷം അറസ്റ്റിലും വിവാദങ്ങളിലും പെട്ടതോടെ ആല്‍ബമെന്ന സ്വപ്നം മാത്രം അവശേഷിച്ചു. എന്നാല്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിയതോടെ ലോഹന്‍ സംഗീതത്തെ സ്നേഹിക്കാന്‍ വീണ്ടും ആരംഭിച്ചെന്നാണ് വാര്‍ത്തകള്‍. ലിന്‍ഡ്‌സേ ഇപ്പോള്‍ സംഗീതം ചെയ്യാനും പാട്ടെഴുതാനും ആരംഭിച്ചിരിക്കുന്നു.
“ലിന്‍ഡ്സേ സംഗീതത്തെയും പാട്ടെഴുത്തിനെയും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അച്ഛന്‍ മൈക്കല്‍ ലോഹനുമായുള്ള സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും പുറത്തു വന്നിരിക്കുകയാണ് ലിന്‍ഡ്‌സേ.” ന്യൂയൊര്‍ക്ക് ഡയ്‌ലി ന്യൂസ് പറയുന്നു. കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പു വരുത്തിയതിനു ശേഷമാണ് യൂണിവെഴ്‌സല്‍ മ്യൂസിക്കല്‍ ആല്‍ബം സംബന്ധിച്ച ലോഹന്‍റെ താല്പര്യത്തിനു പച്ചക്കൊടി കാട്ടിയിരിക്കുന്നത്.