നവോമി വിമാന കമ്പനിക്കെതിരെ

Webdunia
PRO
സൂപ്പര്‍ മോഡല്‍ നവോമി കാംബെല്ലിന് വാര്‍ത്തകളില്‍ നിന്ന് മാറിനില്‍ക്കാന്‍ നേരവുമില്ല, അതിനൊട്ട് ആഗ്രഹവുമില്ല! ബ്രിട്ടീഷ് എയര്‍‌വെയ്സ് വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവുമായാണ് നവോമി ഇപ്പോള്‍ വാര്‍ത്താ കോളങ്ങളില്‍ എത്തിയിരിക്കുന്നത്.

ഹീത്രൂ വിമാനത്താവളത്തില്‍ വച്ച് ഒരു പൊലീസ് ഓഫീസറെ കൈയ്യേറ്റം ചെയ്ത കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങിയത് വാര്‍ത്തയായിരുന്നു. ആ സംഭവത്തിനു തുടര്‍ച്ചയായി നവോമി ഇപ്പോള്‍ വംശീയ അധിക്ഷേപത്തിനെതിരെ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ഏപ്രിലില്‍ ഹീത്രൂ വിമാനത്താവളത്തിന്‍റെ അന്‍ചാം ടെര്‍മിനല്‍ ഉദ്ഘാടന സമയത്ത് നടന്ന തിക്കിലും തിരക്കിലും നവോമിയുടെ സ്യൂട്ട്‌കേസ് നഷ്ടപ്പെട്ടു. ഇത തുടര്‍ന്ന് നടന്ന സംഭാഷണത്തില്‍ അധികൃതര്‍ തന്നെ ‘ഗോലിവോഗ്ഗ് സൂപ്പര്‍ മോഡല്‍’ (കറുത്ത പാവക്കുട്ടിയെ പോലെയുള്ള മോഡല്‍) എന്ന് വിളിച്ചു എന്നാണ് നവോമിയുടെ പരാതി. എന്തായാലും എയര്‍‌വെയ്സ് ആരോപണം നിഷേധിച്ചിരിക്കുകയാണ്.

സംഭവദിവസം‍, ലോസ്‌ഏഞ്ചല്‍‌സിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന വിമാനത്തിലെ ജോലിക്കാരുമായി നവോമി സ്യൂട്ട് കേസ് വിഷയത്തില്‍ ഉടക്കി. നവോമിയെ രംഗത്ത് നിന്ന് നീക്കം ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നവോമി കൈയ്യേറ്റം ചെയ്തു. ഇതിന് നവോമിക്ക് കോടതി ശിക്ഷ നല്‍കുകയും ചെയ്തു.

കോടതിയില്‍ ഹാജരായ നവോമി ശിക്ഷയേറ്റുവാങ്ങി കൈയ്യേറ്റം നടത്തിയതില്‍ മാപ്പു പറഞ്ഞു. എന്നാല്‍, തന്നെ വര്‍ണവിവേചനപരമായി അവഹേളിച്ചതിനാല്‍ നില തെറ്റിയതാണ് അത്തരത്തില്‍ പ്രതികരിക്കാന്‍ കാരണമായതെന്നാണ് പുതിയ ഹര്‍ജിയില്‍ പറയുന്നത്.

എന്തായാലും നവോമി കൈയ്യേറ്റകുറ്റത്തിന് ആദ്യമായല്ല ശിക്ഷയേറ്റുവാങ്ങുന്നത്. അടുത്തകാലത്ത് വീട്ടു ജോലിക്കാരനെ ഫോണ്‍ കൊണ്ട് തലയ്ക്കിടിച്ച് പരുക്കേല്‍പ്പിച്ച് ശിക്ഷവാങ്ങിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.