ചിങ്ങം ഒന്നിനു കൊല്ലവര്‍ഷം തുടങ്ങുന്നു.എന്താണ് ഈ കൊല്ലവര്‍ഷം? മലയാളിയുടെ മാത്രമായ കലണ്ടര്‍ ആണ് കൊല്ലവര്‍ഷം. ഇതിലെ മാസങ്ങളെ മലയാള മാസം എന്നു പറയുന്നൂ
ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിനു എങ്ങനെ പേര് വന്നു? സംശയം ന്യായമാണ്.
കേരളത്തിലെ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടേ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം- കലണ്ടര്‍ പിന്നെ കൊല്ലവര്‍ഷമായി.
ഈ കലണ്ടര്‍ നിലവില്‍ വന്നത് എ ഡി 825 ഓഗസ്റ്റ് 25 ആണെന്നാണ് ചരിത്രകാരന്മാര് വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ ഡി 970 ലെ -കൊല്ലവര്‍ഷം 149 ലെ - ശ്രീവല്ലഭന് കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ് .
സൂര്യമാസം
മലയാളികളുടെ വര്‍ഷമാണ് കൊല്ലവര്‍ഷം.സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവര്ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825 ല്‍ ആണ്.അതിനു മുന്‍പ് മലയാളികള്‍ കലിവര്‍ഷമായിരുന്നത്രെ കാലഗണനക്കായി ഉപയോഗിച്ചിരുന്നത്
സൗരയൂഥത്തിലെ സ്ഥിര നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി ഓരോ സമയത്തും ഏതു നക്ഷ്ത്ര സമൂഹത്തോടൊപ്പമാണ് സൂര്യന്റെ സ്ഥാനം എന്ന് നിര്‍ണ്ണയിച്ചാണ് മലയളമാസങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
ഉദാഹരണം: ചിങ്ങം. ചിങ്ങമാസം ലിയോ നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി വന്ന പേരാണ് . ലിയോ എന്നാല്‍ ലയണ്‍- സിംഹം; ചിങ്ങം സിംഹത്തിന്റെ തത്ഭവരൂപം.
ഞാറ്റുവേല 27 നക്ഷത്രങ്ങളെ കണക്കിലെടുത്ത് 365 ദിവസമുള്ള ഒരൊ കൊല്ലത്തേയും 14 ദിവസം വീത മുള്ള 27 ഞാറ്റുവേലകളാക്കി തിരിച്ചിട്ടുണ്ട്.തിരുവാതിര ഞാറ്റുവേല പുണര്‍തം എന്നിങ്ങനെ.കൃഷിയെ അടിസ്ഥാനപ്പെടുതി കൂടി ഉള്ളതാണ് ഞാറ്റുവേലയുടെ കാലഗണന. [
കൊല്ലവര്‍ഷത്തെ മാസങ്ങള്‍ കേരളീയന്റെ ജീവിതത്തെയും സാഹിത്യത്തെയും പ്രവര്‍ത്തങ്ങളെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ധനുമാസ കുളിരും കന്നി വെറിയും, ചിങ്ങ നിലാവും കര്‍ക്കിടകകാറ്റും മകരകൊയ്തും കന്നികൊയ്തും, തുലാവര്‍ഷവും ഇടവപ്പാതിയും എല്ലാം മലയാള മാസങ്ങളില്‍ നിന്നുണ്ടായ വാക്കുകളാണ്.
പ്രധാന ഉത്സവങ്ങളെല്ലാം മാസങ്ങളുടെ തുടക്കത്തിലാണ്. മേടം 1നു വിഷു, വൃശ്ഛികം 1നു മണ്ഡലകാലം.
മലയാളം കലണ്ടറിന്റെ തുടക്കം
ശങ്കരാചാര്യര്‍ ആണ് മലയാളം കലണ്ടര്‍ തുടങ്ങിയത് എന്ന് ചിലര്‍ പരല്പ്പേരിന്റേയും കലിയുഗ സംഖ്യയുടേയും അടിസ്ഥാനത്തില്‍ വാദിക്കുന്നു. ശങ്കരാചാര്യരുടെ സമാധിക്കു ശേഷമാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം എന്ന് മറ്റു ചിലര്‍. രണ്ടും ശരിയാവാന്‍ തരമില്ല.
വേണാട് രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡന്‍ ആണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്ന ചരിത്രം വിശ്വസിക്കുകയണ് നല്ലത്.
പേര്‍ഷ്യയില്‍ നിന്നുള്ള കച്ചവടക്കാര്‍ ഇപ്പോഴത്തെ കൊല്ലത്തിനു അടുത്തുണ്ടായിരുന്നു കൊരുക്കെണികൊല്ലത്ത് വന്നു താമസമുറപ്പിച്ച് , കൊല്ല പട്ടണം ഉണ്ടാക്കിയത്തിന്റെ സ്മരണക്കയാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്നുമൊരു പക്ഷമുണ്ട്.
വേണാട്ടരചനായ ഉദയമാര്‍ത്താണ്ഡ വര്‍മ്മ നാട്ടിലെ കേമന്മായ ജ്യോതിഷ പണ്ഡിതരെയെല്ലാം കൊല്ലത്ത് വിളിച്ചു വരുത്തി , പുതിയൊരു കലണ്ടര്‍ ഉണ്ടാക്കാന്‍ ആവഷ്യപ്പെട്ടതനുസരിച്ച് ഉണ്ടാക്കിയതും , പിന്നീട് കേരളത്തില്‍ മുഴുവന്‍ സ്വീകാര്യമായതുമായ കലണ്ടര്‍ ആണ് കൊല്ലവര്‍ഷം.
പുതിയ കലണ്ടര്‍ ഉണ്ടാക്കിയ കാര്യം വടക്കന്‍ കേരളത്തില്‍ അറിയാന്‍ അന്ന് ഒരു മാസമടുത്തുവത്രെ. അതുകൊണ്ട് വടക്കന്‍ കേരളത്തില്‍ കന്നി 1ന് ആയിരുന്നു കൊല്ലവര്‍ഷം തുടങ്ങിയിരുന്നത്.
മധ്യകേരളത്തിലും മലബാറില്‍ ചിലേടത്തും തമിഴ്നാട്ടിലേതുപോലെ മേടം 1 ന്- വിഷുവിന്-ആണ് കൊല്ലവര്‍ഷം തുടങ്ങുന്നത്.