കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്നവയാണ് അച്ചാറുകൾ. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയിൽ തുടങ്ങി മീനും ഇറച്ചിയും വരെ നാം അച്ചാറാക്കുന്നു. ഇവ മാസങ്ങളോളം കേടുവരാതെ നിൽക്കുകയും ചെയ്യും. ബാക്‌ടീരിയയുടെ വളർച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക് തുടങ്ങിയവയും അച്ചാറുകളിൽ ഉപയോഗിക്കുന്നു. പഴകും തോറും രുചി കൂടി വരുന്ന ഇവ കേരളീയർക്ക് എന്നും അവിഭാജ്യഘടകം തന്നെയാണ്.
എന്നാൽ ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് അപകടകരമാണ്. ചില ആന്റിഓക്‌സിഡന്റുകൾ അച്ചാറുകളിൽ ഉണ്ടെങ്കിലും ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ചെറിയ തോതിൽ അച്ചാർ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ശരീരത്തിൽ ചില ഗുണങ്ങൾ കിട്ടാൻ ഉപകരിക്കും. എന്നാൽ അത് ഒരിക്കലും അമിതമാകരുത്. അമിത ഉപയോഗത്തിലൂടെ പല രോഗങ്ങളും നമുക്ക് വന്നേക്കാം.
വയറു വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളും അച്ചാറിന്റെ അമിതമായ ഉപയോഗം കാരണം വന്നേക്കാം. ഗ്യാസിന്റെ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ പലരും അച്ചാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും അവ കൂട്ടുകയേ ഉള്ളൂ. എരിവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ ഉൽപ്പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ് പ്രശ്നങ്ങള്‍ ഉള്ളവർ അച്ചാറുകൾ മിതമായി മാത്രമേ ഉപയോഗിക്കാവൂ.
അമിതമായ അളവിൽ അച്ചാർ കഴിക്കുന്നത് വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. വൃക്കയുടെ പ്രാഥമിക ധർമം എന്നത് ശരീരത്തിന്റെ അരിപ്പയായി പ്രവർത്തിക്കുകയെന്നതാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നിലനിർത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്നത് ഈ പ്രക്രിയ വഴിയാണ്. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മർദം നിയന്ത്രിക്കാൻ കിഡ്‌നി പ്രവർത്തിക്കുകയും കിഡ്‌നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാൽ കിഡ്‌നി രോഗം ഉള്ളവരും അച്ചാർ ഉപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.