വിവിധ കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന 50ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന പാരസെറ്റമോള്‍,കാല്‍സ്യം,വിറ്റാമിന്‍ ഡി3 സപ്ലിമെറ്റുകള്‍,പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ പരിശോധനയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
മിക്ക മരുന്നുകളും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മിക്കുന്നതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായതിനാല്‍ ഇത് ആശങ്ക ഉയര്‍ത്തുന്നതാണ്. Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL),കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.